നെടുമ്പാശേരി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ട രോഗികൾക്ക് ചികിത്സക്ക് പോകാൻ അൻവർസാദത്ത് എം.എൽ.എ. സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഡയാലിസിസിനും കീമോതെറാപ്പിക്കും വിധേയമാകുന്ന ആലുവ നിയോജകമണ്ഡലത്തിലെ നിർദ്ധനരും പാവപ്പെട്ടവരുമായ രോഗികൾക്കാണ് 14 വരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പോകുന്നതിനായി 'യാത്രാസൗകര്യം പദ്ധതി' ആവിഷ്‌കരിച്ചിട്ടുള്ളത്.

ചെങ്ങമനാട് പാലപ്രശേരിയിൽ വൃക്കരോഗം ബാധിച്ച സ്ത്രീ ആശുപത്രിയിൽ പോകാൻ മാർഗമില്ലാതെ വലഞ്ഞതോടെ സാമൂഹികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയെ വിവരമറിയിക്കുകയായിരുന്നു. പ്രസിഡന്റ് വിവരം എം.എൽ.എയെ അറിയിച്ചതോടെ ഉടനെ രോഗിയെ ആശുപത്രിയിലെത്തെിക്കാൻ വാഹന സൗകര്യമൊരുക്കുകയായിരുന്നു. ചികിത്സക്ക് പോകാൻ വാഹന സൗകര്യത്തിന് അർഹരായ രോഗികൾ 8129998181, 9846473333 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.