അങ്കമാലി: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ ബാംബു കോർപ്പറേഷന്റെയും പ്ലാന്റേഷൻ കോർപ്പറേഷന്റെയും കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ബാംബു കോർപ്പറേഷൻ, പ്ലാൻറേഷൻ തൊഴിലാളികൾ അവഗണിക്കപ്പെട്ടത് പ്രതിഷേധാർഹമാണ്. ബാംബു കോർപ്പറേഷനു കീഴിൽ ജോലിചെയ്യുന്ന ഈറ്റവെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് കഴിഞ്ഞ നാല് വർഷമായി ഡി.എ കുടിശികപോലും നൽകിയിട്ടില്ല.
പ്ലാന്റേഷൻ കോർപ്പറേഷനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 24 വരെ ചെയ്ത ജോലിക്ക് ദിവസം 300 രൂപ കണക്കാക്കി കൂലി ഇനത്തിൽ അഡ്വാൻസ് നൽകിയതല്ലാതെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ മുഖ്യമന്തി അടിയന്തരമായി ഇടപെട്ട് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.