ലോകത്തെ മൊത്തമായി ഒരു വലിയ വിപത്ത് കീഴടക്കിയിരിക്കുന്നു. അതിന്റെ ഇല്ലായ്മകളും വല്ലായ്മകളും നമ്മെ ആകെ വിഷമിപ്പിക്കുന്നു. അത്ര പെട്ടെന്ന് ഒഴിഞ്ഞുപോകുന്ന ബാധയാണെന്ന് തോന്നുന്നുമില്ല. ഇതിന് ചില സദ്‌ഫലങ്ങൾ കൂടി ഉണ്ടാകുന്നുണ്ട്. ഒന്നാമത് എല്ലാ മനുഷ്യരും കൂടി ഒരു കൂട് എന്ന തോന്നൽ ജനിപ്പിക്കുന്നു. നമുക്ക് ജീവിക്കാൻ വളരെ കുറച്ചുമതി എന്ന തിരിച്ചറിവ് വന്നു. ഇത്രയേറെ സമൃദ്ധിയും ബദ്ധപ്പാടും ഭ്രാന്തും മത്സരവും മലിനീകരണവും ഒന്നും വാസ്തവത്തിൽ ആവശ്യമില്ലെന്ന് തെളിയുന്നു. ലോക്ക് ഡൗണിൽ കുറച്ചുദിവസം കൊണ്ടു തന്നെ എന്റെ ഈ ചുറ്റുവട്ടത്ത് ഏറെക്കാലമായി ഇല്ലാതായിരുന്ന പക്ഷികളും ശലഭങ്ങളും തിരിച്ചുവന്നിരിക്കുന്നു. വായുവിൽ ഒരുപാട് ജീവശക്തി വർദ്ധിച്ചിരിക്കുന്നു. ഇവിടെ സാധാരണയായി കേൾക്കാത്ത ശബ്ദങ്ങൾ ഇപ്പോൾ കേൾക്കുന്നു. അടുത്തവീട്ടിലെ മുത്തശി അടഞ്ഞ മുറിയിലിരുന്ന് നാമം ജപിക്കുന്നത് എനിക്ക് കേൾക്കാം. രണ്ടരകിലോ മീറ്റർ അകലെ പള്ളിയിൽ നിന്ന് വാങ്കു വിളിക്കുന്നതും കേൾക്കാം. ശാന്തത എന്തൊരു അനുഗ്രഹം. സമ്പന്നതയുടെ ഏതു കോട്ട കെട്ടിയാലും ഒരു ഇത്തിരിക്കുഞ്ഞന് തടസമാവില്ലെന്ന് തെളിയുന്നു. അതുകൊണ്ട് നമുക്ക് വിനയത്തിന്റെ അർത്ഥം മനസിലാകുന്നു. ലോകത്തിന്റെ നടത്തിപ്പിന് ഒരു പുതിയ ഐക്യരാഷ്‌ട്ര സംവിധാനം തീർത്തും ജനായത്തപരമായി ഉണ്ടാകേണ്ടതുണ്ട്. അതിനാൽ ഈ ദുരന്തത്തിൽ ആർക്കൊക്കെ എന്തൊക്കെ നഷ്‌ടമായാലും ഇതിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യവംശം ഇന്നുള്ളതിലേറെ സംസ്കാര സമ്പന്നരായിരിക്കും എന്നതിൽ സംശമില്ല. കൊവിഡിന് നന്ദി, നമസ്കാരം.
സുരക്ഷാവലയം അത്ര സുരക്ഷിതമല്ല : സി.ആർ. നീലകണ്‌ഠൻ
കൊവിഡ്-19 മലയാളികളുടെ ജീവിതം അടിമുടി മാറ്റി. മാറാതെ മുന്നോട്ടുപോകാനാകില്ല. എങ്ങനെയും പണമുണ്ടാക്കി ആർഭാടമായി ജീവിക്കാമെന്ന ആഗ്രഹമൊന്നും ഇനിയുള്ള കാലത്ത് നടക്കില്ലെന്ന് ആളുകൾക്ക് ബോദ്ധ്യമായിട്ടുണ്ട്. സാമൂഹ്യ, സാംസ്കാരിക, ദാമ്പത്യ ജീവിതത്തിൽ മാറ്റം വന്നു. സുഖം, സൗകര്യം, വേഗത, സ്വാദ് തുടങ്ങിയ സങ്കല്പങ്ങൾ പൊളിച്ചെഴുതി. വിലകൂടിയ വാഹനങ്ങളുണ്ടായിട്ടും ഉപയോഗമില്ലാത്ത സ്ഥിതിയായി. സ്വന്തം പരിമിതികളെക്കുറിച്ച് തിരിച്ചറിഞ്ഞു. ലോക്ക് ഡൗൺ കഴിയുമ്പോൾ 50 കോടി ഇന്ത്യക്കാരുടെ കൈവശം ഒരു പൈസപോലും ഉണ്ടാവില്ല. ബാക്കിയുള്ള 50 കോടിയുടെ സമ്പത്ത് പാതിയായി കുറയും. രാജ്യത്തിന്റെ സമ്പദ് ഘടനയെ ഇതെങ്ങനെ മാറ്റുമെന്ന് കാത്തിരുന്ന് കാണാം. സുരക്ഷാവലയം അത്ര സുരക്ഷിതമല്ലെന്ന് കൊവിഡ് നമ്മെ പഠിപ്പിച്ചു.
പാചകം പഠിച്ചു: അഡ്വ. ഹരീഷ് വാസുദേവൻ
കൊവിഡ് -19 അനുഭവങ്ങൾ പണക്കാരുടെ ജീവിതത്തിൽ വലിയമാറ്റം വരുത്തും. 15- 18 മണിക്കൂർ നേരം ബിസിനസ് കാര്യങ്ങൾക്കായി ഓടിനടന്നിരുന്നവർ ഇതാദ്യമായി ഇത്രയും ദിവസം വീട്ടിലിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാലും ഇനി കൂടുതൽ സമയം അവർ വീട്ടിൽ ചെലവഴിച്ചേക്കും. എന്നാൽ സാധാരണക്കാരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ സാദ്ധ്യത കുറവാണ്. അവർ വീണ്ടും ഓട്ടം തുടരും. അല്ലാതെ വേറെ വഴിയില്ല. ആളുകൾ കൂടുതൽ ക്രിയേറ്റീവായതിന്റെ ലക്ഷണങ്ങളൊന്നും സോഷ്യൽ മീഡിയയിൽ കാണാനില്ല. സമൂഹത്തിന്റെ പരിച്ഛേദമാണല്ലോ സോഷ്യൽ മീഡിയ. അവിടെ ഇപ്പോഴും എഴുത്തോ പുസ്തക വായനയോ ഒന്നുമല്ല രാഷ്‌ട്രീയമാണ് പ്രധാന ചർച്ച. എന്നാൽ ഈ ദിവസങ്ങളിൽ ആളുകൾ ധാരാളം സിനിമകൾ കണ്ടു. പാട്ടുകൾ കേട്ടു. അത് നല്ല കാര്യമാണ്. പാചകം വശത്താക്കി എന്നതാണ് എന്നെ സംബന്‌ധിച്ചിടത്തോളം ഏറ്റവും വലിയനേട്ടം. ഒരു ദിവസത്തിന്റെ പകുതി സമയവും ഞാൻ അടുക്കളയിൽ ചെലവഴിച്ചു. പലതരം വിഭവങ്ങൾ ഉണ്ടാക്കി. വീട്ടുമുറ്റത്ത് ചീര വിത്ത് പാകി. എല്ലാ കാര്യങ്ങളും എല്ലാവരും സ്വയം ചെയ്യണമെന്ന് ലോക്ക് ഡൗൺ കാലം പഠിപ്പിച്ചു. പറന്നുനടന്ന ആളുകൾ ഭൂമിയിൽ ചവിട്ടിനിന്നു. ഒരു കാര്യം പറയാതെ വയ്യ. സാമൂഹിക ബന്‌ധങ്ങളുടെ ആഴം വർദ്ധിപ്പിക്കാൻ കൊവിഡ്-19 ന് കഴിഞ്ഞു. അയൽക്കാരി ഞങ്ങൾക്ക് അവരുടെ വീട്ടിലുണ്ടായ പച്ചക്കറി തന്നു. മുരിങ്ങയില അങ്ങോട്ടുകൊടുത്തു. വൈകിട്ട് വാതിൽക്കൽ നിന്ന് ഇരുവീട്ടുകാരും വിശേഷങ്ങൾ കൈമാറി. കൊച്ചിയിലെ ഈ വീട്ടിൽ ഞാൻ താമസം തുടങ്ങിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ഒരനുഭവം. ഉള്ളവനും ഇല്ലാത്തവനും തുല്യരായി: ആർട്ടിസ്റ്റ് ടി. കലാധരൻ പരാക്രമം പിടിച്ച ഓട്ടം വ്യർത്ഥമാണെന്ന തിരിച്ചറിവ് ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കി.ഉള്ളവനും ഇല്ലാത്തവനും വൈറസിന് മുന്നിൽ തുല്യരായി. ആർക്കും എങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയില്ല. മറ്റൊരാളോട് സ്നേഹത്തോടെ പെരുമാറാൻ പഠിക്കും. ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഇനിയെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതാം. ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും നിസ്തുലമായ സേവനങ്ങളെക്കുറിച്ച് കൊവിഡ് 19 തിരിച്ചറിവ് നൽകി. ഭാവിയിൽ അവർക്ക് കൂടുതൽ ആദരവ് ലഭിക്കും. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സിനിമകണ്ടും പാട്ടുപാടിയും സെന്തിൽ കൃഷ്ണ തിരുവനന്തപുരം : വെള്ളായണിയിലെ വീട്ടിൽ പാട്ട് പരിശീലനവും സിനിമ കാണലുമായി ലോക്ക് ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുകയാണ് നടൻ സെന്തിൽ കൃഷ്ണ. ഇത്രയധികം ദിവസങ്ങൾ ആദ്യമായാണ് വീട്ടിൽ ചെലവഴിക്കുന്നത്. എങ്കിലും വീടിനുള്ളിലെ ദിനങ്ങൾ സെന്തിലിനെ ഒട്ടും ബോറടിപ്പിക്കുന്നില്ല. പഴയ സിനിമകൾ തപ്പിപ്പിടിച്ച് കാണുന്നതാണ് ഇപ്പോഴത്തെ പ്രധാന വിനോദമെന്ന് സെന്തിൽ പറയുന്നു 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലൂടെ മലയാളിയുടെ ഇഷ്ടതാരമായി മാറിയ സെന്തിൽ, അടുക്കളയിൽ കയറി പാചക പരീക്ഷണത്തിനൊന്നും ഇതുവരെ മുതിർന്നിട്ടില്ല. അമ്മയുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നുണ്ട്. വായനയെ ഇപ്പോൾ ഒപ്പം കൂട്ടിയിട്ടുണ്ട്. ആസിഫലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ രാജസ്ഥാനിലെ ലൊക്കേഷനിൽ നിന്നാണ് ലോക്ക് ഡൗണിന് രണ്ടു ദിവസം മുമ്പ് സെന്തിൽ കൃഷ്ണ നാട്ടിലെത്തിയത്. ഈ മാസം പ്ളാൻ ചെയ്തിരുന്ന സ്റ്റേജ് ഷോകളെല്ലാം കൊവിഡ് കാരണം മാറ്റിവച്ചു. സിനിമയിലെ സുഹൃത്തുക്കൾ ഫോൺ വിളിച്ച് വിവരങ്ങൾ തിരക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. സെന്തിലിന്റെ ഭാര്യ അഖില കോഴിക്കോട്ടെ വീട്ടിലാണുള്ളത്. കുറച്ചുദിവസത്തികം ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.