പള്ളുരുത്തി: ഇനി കടകളിൽ നിന്ന് കിലോക്കണക്കിന് ശർക്കര വാങ്ങിയാൽ എക്സൈസ് വകുപ്പ് നിങ്ങളെ പിന്തുടരും സൂക്ഷിക്കുക. വലിയ കുക്കർ വാങ്ങുന്നവരും നിരീക്ഷണത്തിലാണ്.കഴിഞ്ഞ ദിവസം ഇടക്കൊച്ചിയിൽ സലിം കുമാർ റോഡിൽ സജിത്തിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും എക്സൈസ് വകുപ്പ് വാറ്റ് ചാരായവും വാഷും പിടികൂടിയിരുന്നു. ഇയാൾ പളളുരുത്തിയിലെ ഒരു കടയിൽ നിന്നും കിലോക്കണക്കിന് ശർക്കര വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ഭാഗത്തു നിന്നും വാറ്റ് നടത്തിയവരെ ഡ്രോൺ വഴി എക്സൈസ് സംഘം പിടികൂടിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിദേശമദ്യശാലകളും ബാറുകളും കള്ള് ഷാപ്പുകളും അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് വാറ്റുകാർ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. ലൈസൻസ് ഇല്ലാത്ത ആയുർവേദ കടകളിൽ അരിഷ്ടം വിൽപ്പന നടത്തിയാൽ അഴി എണ്ണേണ്ടി വരും.പല ബാറുകളുടെയും മുന്നിൽ കൈ വിറക്കുന്നവർ കുത്തിയിരിപ്പാണ് എന്തെങ്കിലും കിട്ടിയാലോ എന്നുള്ള പ്രതീക്ഷയിൽ.