ഹൈദരാബാദ്: വർദ്ധിച്ചുവരുന്ന കൊവിഡ് വൈറസ് കേസുകൾ കൈകാര്യം ചെയ്യുന്നതിനും നേരിടുന്നതിനുമായി 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികൾ ആന്ധ്ര സർക്കാർ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രിയിൽ മൊത്തം 19,114 കിടക്കകൾ ലഭ്യമാണ്. ഇതിൽ 17,111 ഐ.സി.യു ഇതര കിടക്കകളും 1,286 ഐ.സി.യു കിടക്കകളും 717 ഐസൊലേഷൻ കിടക്കകളുമാണ്. ഇതിനുപുറമെ 530 പേർക്കായി ബദൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കൊവിഡ് 19 സ്ഥിതിഗതികളും വൈറസ് പടരാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും ചർച്ച ചെയ്യാൻ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അവലോകന യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പോസിറ്റീവ് കേസുകളെക്കുറിച്ചും മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച റെഡ്ഡി ഓരോ ജില്ലയിലും ടെസ്റ്റിംഗ് ലാബുകൾ തുറക്കാനും എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാനും നിർദേശം നൽകി.
കൊവിഡ് 19 നെതിരായ ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ സ്വകാര്യമേഖലയോടുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് നിരവധി സ്വകാര്യ സ്ഥാപനങ്ങൾ മറുപടി നൽകിയതായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന നോഡൽ ഓഫീസർ ഗിരിജാ ശങ്കർ പറഞ്ഞു. 19,000 കിടക്കകൾ 58 സ്വകാര്യ ആശുപത്രികളിലായി സജ്ജമാക്കുന്നത് മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ഉയർത്തുകയും ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനത്തെ സഹായിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. കൂടാതെ വിശാഖപട്ടണത്ത് വെന്റിലേറ്ററുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. 3 ലക്ഷം പരിശോധനാ കിറ്റുകൾക്ക് സർക്കാർ ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ട്. ആന്ധ്രയിൽ ഇതുവരെ 305 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു രോഗി സുഖം പ്രാപിച്ചു.