കൊച്ചി: കൊച്ചി മെട്രോയുടെ മുട്ടത്തെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനും (ഒ.സി.സി.), എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടും, പേട്ട സ്റ്റേഷനുകൾക്കും പ്ളാറ്റിനം ഗ്രീൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

പരിസ്ഥിതിസൗഹൃദമായ നിർമ്മാണങ്ങൾക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ നൽകുന്ന അംഗീകാരമാണിത്. മെട്രോയുടെ മറ്റു 16 സ്റ്റേഷനുകൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. റെയിൽവെ, മെട്രോ റെയിൽ എന്നിവയുടെ രൂപകല്പന, നിർമ്മാണം, പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ഏറ്റവും മികച്ച നിർമ്മാണ സ്ഥലം തിരഞ്ഞെടുക്കൽ, പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, ഉൗർജ്ജത്തിന്റെ ആവശ്യം, ജലവിഭവശേഷി, പുനരുപയോഗിക്കവുന്ന ഉൗർജ്ജരീതി സ്വീകരിക്കൽ, മാലിന്യം കൈകാര്യം ചെയ്യൽ, യാത്രക്കാരുടെ ആരോഗ്യവും സുഖവും ഉറപ്പാക്കൽ എന്നിവ വിലയിരുത്തിയതി​നെതുടർന്നാണ് ഏറ്റവും ഉയർന്ന സർട്ടിഫിക്കറ്റായ പ്ളാറ്റിനം ഗ്രീൻ നൽകിയത്.

ഹരിതവും ശുചിത്വമുള്ളതും ആഗോളനിലവാരം പാലിക്കുന്നതുമായ ഗതാഗതസംവിധാനമാണ് കൊച്ചി മെട്രോ ഒരുക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു.