കൊച്ചി: എറണാകുളത്തെ ജനസംഖ്യയുടെ പത്തു ശതമാനത്തെ കൊവിഡ് ബാധിച്ചേക്കാമെന്ന നിഗമനത്തിൽ ജില്ലാ ഭരണകൂടം അടിയന്തര സാഹചര്യം നേരിടാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ടേർഷ്യറി കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, കമ്മ്യൂണിറ്റി ലെവൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഷോർട്ട് സ്‌റ്റേ ഹോംസ്, ഹോം ഐസൊലേഷൻ എന്നിങ്ങനെയാണ് ചികിത്സാ സംവിധാനങ്ങൾ. ടേർഷ്യറി കെയർ സെന്ററായ എറണാകുളം മെഡിക്കൽ കോളേജിൽ 650 കിടക്കകളും 20 ഐ.സി.യു കിടക്കകളും 25 വെന്റിലേറ്ററുകളുമുണ്ട്. പത്ത് സ്വകാര്യ ആശുപത്രികളെയും കേന്ദ്രങ്ങളായി നിശ്ചയിച്ചു. ആലുവ ജില്ലാ ആശുപത്രിയും മുവാറ്റുപുഴ ജനറൽ ആശുപത്രിയുമാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. # സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു മെഡിക്കൽ കോളേജിനെ 500 കിടക്കകളുള്ള ആശുപത്രിയാക്കി. ഒരു കോടി രൂപ വിനിയോഗിച്ച് ഐ.സി.യു സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐ.സി.യു കിടക്കകളും 70 സിംഗിൾ മുറികളുമായി കലൂർ പി.വി.എസ് ആശുപത്രി പൂർണസജ്ജമായി. നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ 36 ഷോർട്ട് സ്‌റ്റേ ഹോമുകൾ. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാൻ 1941 മുറികൾ ചെറിയ ലക്ഷണങ്ങളുള്ളവർക്ക് പഞ്ചായത്ത് തലത്തിൽ ചികിത്സ നൽകും. ഭൂരിഭാഗം പേർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. ഇവർ വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി. ഇവർക്ക് ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ, ടെലി മെഡിസിൻ സംവിധാനങ്ങളും ഓരോ പഞ്ചായത്തിലും സ്ഥാപിക്കും. # ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ താത്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രം. കമ്മ്യൂണിറ്റി ഹാളുകൾ പോലുള്ള കേന്ദ്രങ്ങളിൽ 25 കിടക്കകൾ വരെ ഒരുക്കും. രോഗലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുക. # ഓൺലൈനിൽ മരുന്നുകൾ ഓൺലൈൻ ഭക്ഷണ വിതരണ മാതൃകയിൽ മരുന്ന് വിതരണവും ആരംഭിക്കും. വാർഡ് തലം മുതൽ ജില്ലാതലം വരെ സർവെയ്‌ലൻസ് യൂണിറ്റ് പ്രവർത്തിക്കും. വലിയ രീതിയിൽ വൈറസ് വ്യാപനമുണ്ടായാൽ പഞ്ചായത്ത്, നഗരസഭ തലത്തിൽ മൊബൈൽ കളക്ഷൻ യൂണിറ്റുകൾ സ്ഥാപിക്കും. 654 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. വൈറസ് വ്യാപിച്ചാൽ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലൻസുകൾ വീതം നൽകും. # 9,906 കിടക്കകൾ ആശുപത്രികളിൽ 9,906 കിടക്കകൾ 283 വെന്റിലേറ്ററുകൾ സർക്കാർ മേഖലയിൽ 2,310 കിടക്കകളും 24 വെന്റിലേറ്ററുകളും. സ്വകാര്യ മേഖലയിൽ 6596 കിടക്കകളും 259 വെന്റിലേറ്ററുകളും. ജില്ലയിലെ ജനസംഖ്യ: 32,82,388. 65 വയസിനു മുകളിൽ പ്രായമുള്ളവർ 3,71,557 വൃദ്ധസദനങ്ങൾ, ഷെൽറ്റർ ഹോമുകൾ, പാലിയേറ്റീവ് കെയർ ഹോമുകൾ തുടങ്ങിയ 229 സ്ഥാപനങ്ങളിൽ 5,269 അന്തേവാസികൾ 231 ചേരി പ്രദേശങ്ങളിലെ ജനസംഖ്യ: 60,678 പേർ.