# തുണയായത് മുഖ്യമന്ത്രി പിണറായിയുടെ ഇടപെടൽ
കോലഞ്ചേരി: കേരള, തമിഴ്നാട് പൊലീസ് ടീം കൈകോർത്തതോടെ പത്തുവയസുള്ള കുട്ടിയുടെ തലച്ചോറിനുള്ള അസുഖത്തിന്റെ മരുന്ന് തിരുപ്പൂരിൽ നിന്ന് മൂവാറ്റുപുഴയിൽ പറന്നെത്തി. കേരള അതിർത്തിയായ വാളയാറിൽ നിന്ന് മൂന്നുമണിക്കൂർകൊണ്ട് അഞ്ച് ഹൈവേ പട്രോളിംഗ് വാഹനങ്ങൾ റിലേയായി ഓടിയാണ് മരുന്നെത്തിച്ചത്.
അങ്കമാലി സ്വദേശിയായ യുവതിയാണ് തന്റെ തന്റെ കുട്ടിക്ക് ജീവൻരക്ഷാ മരുന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. വെല്ലൂർ മെഡിക്കൽ കോളേജിലാണ് ഇവരുടെ ചികിത്സ. അയർലൻഡിൽ നിന്ന് വരുത്തിയാണ് മരുന്ന് ഉപയോഗിച്ചിരുന്നത്. അമൃതയിലും ലഭ്യമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ അമൃതയിലെ സ്റ്റോക്കും തീർന്നു. പുറത്തുനിന്ന് എത്തിക്കാനും മാർഗമില്ലാതെ വന്നതോടെയാണ് യുവതി മുഖ്യമന്ത്രിയെ സമീപിച്ചത്. തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അങ്കമാലി സ്റ്റേഷൻ ഇൻസ്പെക്ടർക്ക് നിർദേശം നൽകി. തമിഴ്നാട്ടിലെ തിരുപ്പൂർ ബാവ മെഡിക്കൽസിൽ ഉണ്ടെന്നറിഞ്ഞ് മാനേജരുമായി സംസാരിച്ച് മരുന്ന് വാങ്ങി. ബാവ മെഡിക്കൽസ് തമിഴ്നാട് പൊലീസ് സഹായത്തോടെ വാളയാറിൽ മരുന്നെത്തിച്ചു. ഹൈവേ പൊലീസാണ് തുടർദൗത്യം ഏറ്റെടുത്തത്. ഇതിനിടെ മരുന്ന് ആവശ്യപ്പെട്ട യുവതി മൂവാറ്റുപുഴയിലുള്ള സ്വന്തം വീട്ടിലേക്ക് ചികിത്സാർത്ഥം പോയിരുന്നു. സ്റ്റേഷനിൽ നിന്ന് എസ്.ഐ മാരായ ആൻസി, ജിതിൻ, ജനമൈത്രി ബീറ്റ് ഓഫീസർ ഷൈജു, ഷീജ എന്നിവർ ചേർന്ന് മരുന്ന് വാങ്ങി വൈകിട്ട് നാലരയോടെ മൂവാറ്റുപുഴയിൽ എത്തിച്ച് നൽകി.