maundy

കൊച്ചി: ഇന്ന് പെസഹ വ്യാഴം. കുരിശുമരണത്തിനു മുമ്പ് ശിഷ്യൻമാർക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് ലോകം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ രാവിലെ ദിവ്യബലിയും തിരുകർമ്മങ്ങളും നടന്നു. ചടങ്ങുകൾ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികൾ പങ്കാളികളായി.

കൊവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടായിരുന്നു ചടങ്ങുകൾ. അഞ്ച് പേർ മാത്രമാണ് പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുത്തത്. കാൽകഴുകൽ ശുശ്രൂഷയും പൊതു ആരാധനയ്ക്ക് ശേഷം ദേവാലയങ്ങളിൽ നടക്കാറുള്ള പെസഹ ഊട്ടും അപ്പം മുറിക്കലും മുൻ നിശ്ചയപ്രകാരം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്ക്കൽ വീട്ടുകാർക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹാ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ രാവിലെ ചടങ്ങുകൾക്ക് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.

ഫോർട്ട്‌കൊച്ചി ബിഷപ്പ്സ് ഹൗസ് ചാപ്പലിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ ശുശ്രൂഷകളിൽ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ കാർമികത്വം വഹിക്കും.അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും രാവിലെ ഏഴിന് പെസഹാ തിരുകർമ്മങ്ങൾ നടന്നു.

ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കും. നഗരികാണിക്കൽ പ്രദക്ഷിണം, കുരിശിന്റെ വഴി എന്നിവ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുർബാന ഒഴിവാക്കിയിട്ടുണ്ട്.