ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചതായി ബോദ്ധ്യമായിട്ടും ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. വിഷയത്തിൽ, സൂപ്രണ്ട് ഇന്നലെ ഡോക്ടറിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഇതടക്കം പരിശോധിച്ച് വരികയാണ്. ദേശം പുറയാറിൽ ഇഷ്ടികക്കളത്തിൽ ജോലിചെയ്യുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ഗോപാൽ പഹാരിയയുടെ (37) മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് ആക്ഷേപം.
വയറുവേദനയെ തുടർന്ന് ചൊവ്വാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗോപാൽ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ ആറരയോടെ വീണ്ടും ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനാൽ ഇഷ്ടികക്കളം ഉടമ ഓട്ടോറിക്ഷ വിളിച്ച് മറ്റൊരു തൊഴിലാളിയെയും കൂട്ടി പണവും നൽകി ആശുപത്രിയിലേക്ക് വിട്ടു. വഴിമദ്ധ്യേ ഇയാൾ രക്തവും ഛർദ്ദിച്ചു. ചൊവ്വാഴ്ച വന്ന അതേ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ഡോക്ടർമാരില്ലാത്തതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മടക്കി. അങ്ങോട്ടുള്ള യാത്രയിൽ ഓട്ടോയിൽ വെച്ച് ഇയാൾ മരണമടഞ്ഞു.
ജില്ലാ ആശുപത്രിയിലെത്തിയ ഉടനെ ഡ്യൂട്ടി ഡോക്ടർ ഓട്ടോയുടെ അരികിലെത്തി പരിശോധിച്ച ശേഷം ഇയാളെ ജനറൽ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ഇതോടെ ഇയാളുമായി ഓട്ടോ എറണാകുളത്തേയ്ക്ക് പാഞ്ഞു. തൊട്ടു പിന്നാലെ ജില്ലാ ആശുപത്രിയിൽ ഗോപാലിന്റെ തൊഴിലുടമ സലീം എത്തി വിവരം തിരക്കിയപ്പോഴാണ് ഗോപാൽ മരിച്ചിരുന്നുവെന്ന വിവരം ആശുപത്രി അധികൃതർ അറിയിച്ചത്.
മരിച്ചയാളെ പിന്നെ എന്തിനാണ് എറണാകുളത്തെ ജനറൽ ആശുപത്രിയിലേയ്ക്ക് അയച്ചതെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. കരൾ രോഗത്തെ തുടർന്നാണ് ഗോപാൽ മരിച്ചതെന്ന് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് മാസം മുമ്പാണ് ഗോപാൽ കേരളത്തിലെത്തിയത്. ബന്ധുക്കളും കൂടെയുണ്ട്. ഭാര്യയും മക്കളും നാട്ടിലാണ്. ലോക്ക് ഡൗൺ ആയതിനാൽ, മുർഷിദാബാദിലെ ബന്ധുക്കളുമായി ആലോചിച്ച് മൃതദേഹം ചെങ്ങമനാട് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌കരിച്ചു. നെടുമ്പാശേരി പൊലീസ് തുടർനടപടി സ്വീകരിച്ചു.