മൂവാറ്റുപുഴ: ലോക്ക് ഡൗണിൽ വീട്ടിൽ അടങ്ങി ഇരിക്കാത്ത ഭർത്താവിനെ പൊലീസിൽ എടുപ്പിച്ച് ഭാര്യ ! ബൈക്ക് നമ്പറടക്കം നൽകി ഭർത്താവിന്റെ ചുറ്റിയടിക്കൽ എസ്.എെയെ വിളിച്ച് പരാതിപ്പെട്ട അതേ ഭാര്യ തന്നെയാണ് ഭർത്താവിനെ വീണ്ടും കുടുക്കി വീട്ടിലിരുത്തിയത്. ഇന്നലെയാണ് പെരുമറ്റം സ്വദേശിനി മൂവാറ്റുപുഴ സ്റ്റേഷനിൽ വിളിച്ച് വീണ്ടും പരാതിപ്പെട്ടത്. കഴിഞ്ഞ തവണ പരാതിപ്പെട്ടപ്പോൾ നൽകിയ വിവരത്തോടൊപ്പം ഷർട്ടിന്റെ നിറം കൂടി ഇത്തവണ നൽകി. വീണ്ടും പരാതി ലഭിച്ചതോടെ മൂവാറ്റുപുഴ പൊലീസ് പരാതിക്കാരിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കർശന നിർദ്ദേശം നൽകി പിന്നീട് ജാമ്യത്തിൽ വിട്ടു.
കൊവിഡ് നിയന്ത്രണ സമയത്ത് തനിക്കൊപ്പം ഇരിക്കാതെ മാതാപിതാക്കളെ കാണാൻ പോകുന്ന ഭർത്താവിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെരുമറ്റം സ്വദേശിനി , എസ്.ഐ. സൂഫിക്ക്
പരാതി നൽകിയത്. അന്യായമായി നിയന്ത്രണങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കറങ്ങി നടക്കുന്നുവെന്നായിരുന്നു ഫോണിൽ വിളിച്ചു പരാതി നൽകിയത്. ഇവരിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് റോഡിലിറങ്ങുന്നതിലല്ല ,മാതാപിതാക്കളെ കാണാൻ പോകുന്നതിലുള്ള അസൂയയാണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടങ്കിലും ഇയാൾ വന്നില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ വീണ്ടും ഭർത്താവ് പുറത്തിറങ്ങിയ വിവരം ഭാര്യ എസ്.ഐയെ അറിയിക്കുന്നത്. പൊലീസ് പരിശോധനയുള്ള തിനാൽ റൂട്ടുമാറിയാണ് പോകുന്നതെന്നും പറഞ്ഞിരുന്നു.ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് കച്ചേരിത്താഴത്തു വച്ച് കസ്റ്റഡിയിലെടുത്തത്. മരുന്നു വാങ്ങാനിറങ്ങിയതെന്നായിരുന്നു ഇയാൾ പറഞ്ഞത്.