ചെന്നൈ: തമിഴിനാട്ടിൽ വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് പോസിറ്റീവായ ഡൽഹി സ്വദേശിയെ കണ്ടെത്താനായില്ല. വില്ലുപുരം ജില്ലയിലെ ആശുപത്രിയിൽ നിന്ന് നാല് രോഗികളെ അസുഖം ഭേദമാകുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. മൂന്നു പേരെ തിരികെ എത്തിച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളിയായ രോഗിയെ കണ്ടെത്താൻ കഴിയാത്തത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. തെരച്ചിലിനായി പൊലീസിന്റെ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ഇയാൾ ചരക്ക് വാഹനത്തിൽ ചെന്നൈയിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ നിന്ന് വിടുതൽ നൽകാനുള്ളവരുടെ പട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പുണ്യമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ നിന്നാണ് രോഗം സ്ഥിരീകരിച്ച നാല് പേരെ ഡോക്ടർമാർ വിട്ടയച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഐസൊലേഷനിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി വിടാൻ തീരുമാനിച്ചു. ഇക്കൂട്ടത്തിലാണ് കൊവിഡ് രോഗികളെയും വിട്ടയച്ചത്. ഏറെ വൈകിയാണ് രോഗികൾ കൂടി പുറത്തു പോയത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാര്യം തെരച്ചിൽ തുടങ്ങി. രാത്രി ഒൻപത് മണിയോടെ മൂന്ന് പേരെ കണ്ടെത്തി ആശുപത്രിയിൽ തിരികെ എത്തിച്ചു.
എന്നാൽ, ഡൽഹി സ്വദേശിയായ തൊഴിലാളിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ തമിഴ്നാട് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു. ലാബ് ടെക്നീഷ്യൻ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരിൽ 42 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തിൽ മാത്രം കൊവിഡ് ബാധിതർ. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങൾ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയിൽ മരിച്ച മൂന്ന് പേർക്ക് എങ്ങനെ കൊവിഡ് പകർന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.