toddy

ആലപ്പുഴ: ആദ്യം ബാറും ഷാപ്പും പൂട്ടി. പിന്നാലെ, ബിവറേജിനും താഴ്‌‌ വീണു. ഇതോടെ ശുക്രനടിച്ചത് ചില ചെത്ത് തൊഴിലാളികൾക്കാണ്. രഹസ്യമായി ചെത്തിയിറക്കുന്ന കള്ളിന് ലോക്ക് ഡൗൺ കാലത്ത് പൊന്നും വിലയാണ്. അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, ചേർത്തല തുടങ്ങിയ താലൂക്കുകളിലെ ഉൾപ്രദേശങ്ങളിലാണ് രഹസ്യമായി കള്ള് ചെത്ത് തുടരുന്നത്.

ആൾതാമസം ഇല്ലാത്ത ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർക്കും കണ്ടെത്താനാകുന്നില്ല.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവു വരുന്നതനുസരിച്ച് കള്ള് ഷാപ്പുകൾ തുറക്കുകയാണെങ്കിൽ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് തെങ്ങ് ചെത്ത് തുടരുന്നതെന്നാണ് ഇക്കൂട്ടർ പറയുന്നത്. ചെത്തിയെടുക്കുന്ന കള്ള് അപ്പോൾ തന്നെ ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. വിദേശമദ്യവില്പന നിറുത്തിയതോടെ രഹസ്യമായി ചെത്തിയെടുക്കുന്ന കള്ളിന് ആവശ്യക്കാരും ഏറെയാണ്.