pulp

കൊച്ചി: പ്രതിസന്ധികൾക്ക് വിട. നടുക്കര പൈനാപ്പിൾ സംസ്കരണ ഫാക്ടറിയിൽ പൾപ്പ് നിർമ്മാണം പുനഃരാരംഭിച്ചു. സർക്കാർ മൂന്ന് കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി, കമ്പനിയെ പഴയ പാതയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. പൈനാപ്പിൾ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ പൈനാപ്പിൾ കർഷകർക്കും കമ്പനി പ്രവർത്തനം പുനരാരംഭിച്ചത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ, പൈനാപ്പിൾ കേടാകാതെ സൂക്ഷിക്കുന്ന യന്ത്രം തകരാറിലാണ്. മൂന്ന് കോടിക്ക് പുറമെ ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയായാൽ ഇപ്പോൾ ശേഖരിക്കുന്ന 50 ടൺ പൈനാപ്പിളിനെക്കാൾ അധികം സംഭരിക്കാൻ കഴിയും. കർഷകരുടെ ഉത്പന്നങ്ങൾ പൂർണ്ണമായി സംഭരിക്കാനും കൂടുതൽ ഉത്പന്നങ്ങളുണ്ടാക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഫ്ളൈറ്റുകളിലും ട്രെയിനുകളിലുമെല്ലാം ലഭ്യമായിരുന്ന ജൈവ് എന്ന പ്രശസ്തമായ ശീതളപാനീയം പുറത്തിറക്കുന്നത് നടുക്കരെ പൈനാപ്പിൾ സഹകരണ ഫാക്ടറിയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലൂടെയായിരുന്ന കമ്പനിയുടെ പ്രവർത്തനം പൂർണതോതിലായിരുന്നില്ല. പഴങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ നടുക്കര കമ്പനി നേടിയിട്ടുണ്ട്.

കൂടുതൽ സജീവമാക്കും

വാഴക്കുളം നടുക്കര പൈനാപ്പിൾ സംസ്‌കരണ ഫാക്ടറിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. കാലഘട്ടത്തിന് അനുസൃതമായി പുതിയ സാങ്കേതിക വിദ്യകളോടെ വിപണി തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ചെറിയ തോതിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയുടെ ഉത്പാദനം വിപുലമാക്കാനുള്ള പദ്ധതികളാണ് തയാറാക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് പ്രവർത്തനം പുന:സ്ഥാപിക്കാൻ കഴിഞ്ഞത് എറെ ആശ്വാസകരമാണ്.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ