മുംബയ്: വൈൻ വീട്ടിൽ എത്തിക്കാമെന്ന് വാക്കുനൽകി മുംബയ് സ്വദേശിനിയുടെ ക്രെഡിറ്റ് കാർഡിൽ നിന്നും 60,000 രൂപ തട്ടിയതായി പരാതി. 33 കാരിയാണ് തട്ടിപ്പിന് ഇരയായത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബയ് ഗാംദേവിയിലാണ് തട്ടിപ്പ് നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 18 മാസമായി കാൻസർ രോഗത്തിന് ചികിത്സയിലാണ് യുവതി. ഇവർ, രോഗം ബാധിച്ചതിന് ശേഷം രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം വൈൻ കഴിക്കുമായിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം തടയാൻ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വൈൻ കിട്ടാതെയായി. ഒരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട് 33കാരി വൈൻ ലഭിക്കുമോയെന്ന് അന്വേഷിച്ചു. ഇയാൾ മദ്യം വീട്ടിലെത്തിച്ച് നൽകുന്ന ഒരാളുടെ ഫോൺ നമ്പർ ഇവർക്ക് കൈമാറി. ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പണം നൽകിയാൽ വൈൻ എത്തിച്ച് നൽകാമെന്ന് മറുപടി നൽകിയോടെ, ഇവർ ക്രെഡിറ്റ് കാർഡ് നമ്പറും ഒ.ടി.പിയും കൈമാറുകയായിരുന്നു. ആദ്യം 19,000 പിൻവലിച്ചതായി മെസേജ് വന്നു. തൊട്ടു പിന്നാലെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ ഒരു ഒ.ടി.പി നമ്പർ കൂടി വരുമെന്നും ഇത് കൈമാറണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇയാളുടെ വാക്കു വിശ്വസിച്ച് നമ്പർ കൈമാറി. ഇതോടെ 41,000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നു. ഗാംദേവി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.