കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫും സർക്കാരും നടത്തുന്ന രാഷ്ട്രീയവത്കരണം പുറത്തറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനറും ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച പ്രവർത്തനങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം നൽകിയത്. ഇതോടൊപ്പം
ഉന്നയിച്ച ആക്ഷേപങ്ങൾ വസ്തുതാപരവും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയതും പാക്കേജിലെ അപാകതകളും സാലറി ചലഞ്ച് പോലുള്ള നടപടിയിലെ ബുദ്ധിമുട്ടും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇരുപതിനായിരം കോടി രൂപയുടെ പാക്കേജിൽ പതിനാലായിരവും കരാറുകാർക്ക് നൽകാനുള്ള കുടിശികയാണ്. സാമൂഹ്യക്ഷേമ പെൻഷൻ കുടിശികയും പാക്കേജിലെ തട്ടിപ്പായിരുന്നു. വീഴ്ചകളും തെറ്റുകളും ഇനിയും തുറന്നുപറയുമെന്ന് ബെന്നി ബെഹനാൻ എം.പി പ്രതികരിച്ചു.