ജീവിതത്തിലെഏറ്റവും സംഘർഷഭരിതമായ 14 ദിനങ്ങളാണ് കടന്നുപോയത്. കഴിഞ്ഞ മാർച്ച് 25ന് ആണ് മൂത്തമകൻ കൊവിഡ്-19 പോസറ്റീവ് ആണെന്ന റിസൾട്ട് വന്നത്. കഴിഞ്ഞ ദിവസം അവൻ രോഗവിമുക്തനാകുന്നത് വരെ ആശങ്കയിലാണ് കടന്നുപോയത്. പക്ഷേ, അവൻ കേരളത്തിലായതു കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുമെന്ന ഉറപ്പുണ്ടായിരുന്നു.
ഇന്റർനാഷണൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ രണ്ടു വർഷത്തെ പഠനത്തിനായാണ് മകൻ ആകാശ് കഴിഞ്ഞ ആഗസ്തിൽ പാരീസിൽ പോയത്. കാമ്പസ് അടച്ചപ്പോഴാണ് അവനും അവന്റെ കൂട്ടുകാരും തിരികെ പോന്നത്. മാർച്ച് 16ന് അവർ ഡൽഹിയിലെത്തി. ഒരു ദിവസം മുഴുവൻ ഡൽഹി വിമാനത്താവളത്തിൽ അവരെ തടഞ്ഞു വച്ചു. സാമ്പിളെടുക്കാനും മറ്റുമെന്നാണ് പറഞ്ഞത്. എന്നാൽ, പരിശോധന നടന്നില്ല. പിറ്റേ ദിവസം ആകാശും അവന്റെ ഒരു കൂട്ടുകാരനും കൂടി കൊച്ചിയിലെത്തി. 28 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുള്ളതിനാൽ ഇരുവർക്കും വേണ്ടി കൊച്ചിയിൽ ഒരു ഫ്ലാറ്റ് തയ്യാറാക്കിയിരുന്നു. അവർക്കായി ഒരു കാറും വിട്ടുനൽകി. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ളതെല്ലാം തയ്യാറാക്കി വെച്ചിരുന്നു. മാർച്ച് 23ന് ഇരുവർക്കും പനിയുടെ ലക്ഷണം തോന്നുകയും കളമശേരിയിലുള്ള എറണാകുളം മെഡിക്കൽ കോളേജിലേക്ക് ടെസ്റ്റിനായി പോവുകയും ചെയ്തു. മാർച്ച് 25ന് ആണ് കൊവിഡ് -19 ആണെന്ന റിസൾട്ട് വരുന്നത്. ഡൽഹി വിമാനത്താവളത്തിൽ 400ഓളം പേരോടൊപ്പമാണ് ഇവരുണ്ടായിരുന്നത്. അവിടെ വച്ചാകാം വൈറസ് ബാധിച്ചതെന്ന് കരുതുന്നു. റിസൾട്ട് വരും മുമ്പേ ഇത് പോസറ്റീവ് ആകാമെന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ, അവൻ പാരീസിലോ ഡൽഹിയിലോ അല്ല, കേരളത്തിലാണ് എന്നത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി. ലോകത്ത് വേറെ എവിടെയുള്ളതിനേക്കാൾ മികച്ച ചികിത്സയും പരിചരണവും ഇവിടെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.
ടെസ്റ്റ് പോസറ്റീവ് ആയതോടെ മകനെയും കൂട്ടുകാരനെയും ആശുപത്രിയിൽ വെവ്വേറെ മുറികളിലാണ് താമസിപ്പിച്ചത്. ചികിത്സിക്കാനെത്തുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മാത്രമാണ് അവൻ നേരിൽ കണ്ടിരുന്നുള്ളൂ.. എല്ലാ ദിവസവും ഞങ്ങൾ വീഡിയോ കാൾ വഴി അവനുമായി സംസാരിച്ചു. ഒറ്റയ്ക്കാണെന്ന തോന്നൽ അവനും ഞങ്ങൾക്കും ആദ്യ ദിനങ്ങളിലുണ്ടായിരുന്നു. എന്നാൽ, ദിവസവും മൂന്നോ നാലോ തവണ വിളിച്ച് മാനസികമായി പിന്തുണ അവന് നൽകിയിരുന്നു.
ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷമാണ് സാമൂഹിക അകലം പാലിച്ച് അവനെ നേരിൽ കാണുന്നത്. പാരിസിൽ നിന്ന് വന്നതിന് ശേഷമുള്ള കണ്ടുമുട്ടൽ. തിരികെ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്കല്ല കൊണ്ടു വന്നത്. ഇനിയുമൊരു 14 ദിവസത്തേക്ക് കൂടി ക്വാറന്റൈൻ പറഞ്ഞിട്ടുണ്ട്. ഇവിടെ 140 ഓളം കുടുംബങ്ങൾ വേറെയും താമസിക്കുന്നുണ്ട്. ഫലം നെഗറ്റീവാണെങ്കിൽ പോലും അവർക്ക് മാനസികമായി ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി കൊച്ചിയിൽ തന്നെ മറ്റൊരു ഫ്ലാറ്റിലാണ് താമസം ഒരുക്കിയത്.
തയ്യാറാക്കിയത് സി.മീര