മൂവാറ്റുപുഴ: എക്‌സൈസിന്റെ അനുമതി ലഭിച്ചാൽ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനിയിൽ വൈൻ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. പൈനാപ്പിൾ ഉപയോഗിച്ച് പൊതുസ്വകാര്യ മേഖലകളിൽ വൈൻ ഉത്പാദിപ്പിക്കുന്നതിന് തത്വത്തിൽ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘട്ടം പൊതുമേഖലയിൽ നടപ്പാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി എക്‌സൈസ് വകുപ്പിന്റെ അനുവാദത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ ആദ്യ വൈൻ നിർമ്മാണ കേന്ദ്രം വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രസസിംഗ് കമ്പനിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രവർത്തനം പുനരാരംഭിച്ച വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് കമ്പനിയിൽ സന്ദർശനം നടത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
51ശതമാനം സർക്കാർ ഷെയറും 49ശതമാനം കർഷകരുടെ ഷെയറുമാണ് കമ്പനിക്കുള്ളത്. കർഷകരുടെ ഷെയറുമായി ബന്ധപ്പെട്ടുള്ള ചെറിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് ഉടൻ പരിഹാരം കാണും. ഇതോടൊപ്പം തന്നെ കമ്പനിയിൽ അഞ്ച് കോടി രൂപ മുതൽ മുടക്കി നിർമ്മാണം അവസാനഘട്ടത്തിലായ പെറ്റ് ബോട്ടിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കും.ആറ് മാസം കൊണ്ട് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രസസിംഗ് കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു.എൽദോ എബ്രഹാം എം.എൽ.എ, കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ഹാരിസ്, കമ്പനി എം.ഡി. എൽ.ഷിബുകുമാർ, ഡയറക്ടർമാരായ ജോളി.പി.ജോർജ്, എം.എം.ജോർജ്, വി.എം.തമ്പിഎന്നിവർ പങ്കെടുത്തു.