മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ക്ക് പഴം, പച്ചക്കറി സംഭരണ വിപണന കേന്ദ്രം 'ജീവനി സഞ്ജീവിനി നാളെ (ശനി) ഇ.ഇ.സി.മാര്‍ക്കറ്റ് അങ്കണത്തില്‍ തുടക്കമാകും. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്ത ഈ പ്രത്യേക സാഹ ചര്യത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായാണ് മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പഴം പച്ചക്കറി വിപണി ആരംഭിക്കുന്നത്. വിപണിയുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്കിലെ എല്ലാ കൃഷിഭവനിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളാണ് സംഭരിക്കുക.

നേരിട്ടുള്ള വില്പനയും ഇതോടൊപ്പം നടത്തും. കൃഷി വകുപ്പ് നിശ്ചയിച്ച വില പ്രകാരമായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. മൂവാറ്റുപുഴ അഗ്രോ സര്‍വീസ് സെന്ററും , കൃഷി ഭവനുകളും ചേര്‍ന്നാണ് വിപണി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വിപണി വഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും, ഗുണഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ പച്ചക്കറികള്‍ ലഭിക്കുകയും ചെയ്യും.എല്ലാ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച ഉല്‍പ്പന്നങ്ങളാണ് കര്‍ഷകര്‍ കേന്ദ്രത്തില്‍ എത്തിക്കേണ്ടത്. ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ നേരിട്ടോ അതാതു കൃഷിഭവന്‍ ഉദ്യോഗസ്ഥരെയോ ,9383470843, 9447121066 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. പച്ചക്കറികള്‍ ആവശ്യമുള്ള പച്ചക്കറി കടകള്‍ക്കും ഇതേ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിപണന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് അറിയിച്ചു. ഞായറാഴ്ചയുള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 4 മണി വരെ പച്ചക്കറി റീട്ടെയില്‍ വിപണി ഉണ്ടായിരിക്കുന്നതാണന്നും കര്‍ഷകരില്‍ നിന്നും സംഭരണം രാവിലെ 9 മണി മുതല്‍ 11 വരെയും, അതോടെപ്പം കര്‍ഷകര്‍ക്ക് അക്കൗണ്ടു വഴിയാണ് തുക നല്‍കുക എന്നും ഈ വിപണി കര്‍ഷകരും പൊതുജനങ്ങളും പരമാവധി കൊവിഡ് നീയന്ത്രണങ്ങള്‍ പാലിച്ച് പ്രയോജനപ്പെടുത്തണമെന്നും കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ വാങ്ങുവാന്‍ ഓണ്‍ ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടന്നും മൂവാറ്റുപുഴ കൃഷി അസി.ഡയറക്ടര്‍ അറിയിച്ചു.