web-portal-vadakkekara
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനായി വടക്കേക്കര ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ വെബ് പോർട്ടൽ പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനായി വടക്കേക്കര ഗ്രാമപഞ്ചായത്ത് വെബ് പോർട്ടൽ പുറത്തിറക്കി. ആദിശങ്കര എൻജിനീയറിംഗ് കോളേജിന്റെയും എയറോ ഡവലപ്പേഴ്സിന്റെയും സഹകരണത്തോടെയാണ് തയ്യാറാക്കിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എമർജൻസി റെസ്പോൺസ് ടീം വൊളന്റിയർമാരുമായും പഞ്ചായത്ത് അംഗങ്ങളുമായും വെബ് പോർട്ടൽ വഴി ബന്ധപ്പെടാം. ആവശ്യങ്ങൾ സന്ദേശമായി സന്നദ്ധ പ്രവർത്തകരെ അറിയിക്കാം. സന്നദ്ധപ്രവർത്തകർക്കുള്ള പാസുകൾ പഞ്ചായത്തിന് ഓൺലൈനായി നൽകാനാകും. കൊവിഡ് പ്രതിരോധത്തിനായി കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വെബ് പോർട്ടൽ തയാറാക്കുന്നത്.

വെബ് പോർട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ആദിശങ്കര എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്‌കുമാർ, അസിസ്റ്റന്റ് പ്രൊഫ. കെ.ബി. അനുരൂപ്, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, എൻ.സി. ഹോച്മിൻ, വി.ഡി. ദീപുലാൽ തുടങ്ങിയവർ സംസാരിച്ചു. ഇന്റർനെറ്റിൽ asietcare.in/vadakkekara എന്നു ടൈപ്പ് ചെയ്താൽ വെബ് പോർട്ടലൽ ഉപയോഗിക്കാം.