കോലഞ്ചേരി: കൊവിഡ് മൂലം പടക്ക വിപണിയും ഇക്കുറി എട്ടു നിലയിൽ പൊട്ടി. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് ശബ്ദവും വെളിച്ചവും ഇല്ല. 10 കോടിയിലേറെ രൂപയുടെ പടക്കങ്ങളാണ് ശിവകാശിയിൽ നിന്ന് വിഷുവിന് കേരളത്തിലെത്താറ്.
മൊത്തവിൽപന കടകൾ പടക്കം സ്റ്റോക്ക് ചെയ്തശേഷമാണ് കൊവിഡ് ഇടിത്തീയായി എത്തിയത്. ചില്ലറ കച്ചവടക്കാർ സ്റ്റോക്കെടുത്തിട്ടേയില്ല.
തണുപ്പ് ബാധിക്കാതെ സൂക്ഷിച്ചാൽ പടക്കങ്ങൾ വീണ്ടും ഉപയോഗിക്കാനാകും. പൂത്തിരികളും റോക്കറ്റുകളുമുൾപ്പെടെയുള്ളവയുടെ നിറം മാറി പെട്ടെന്ന് ചീത്തയാകും.
ശിവകാശിയിലെ കമ്പനികൾ ഇവയെല്ലാം തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അവിടുത്തെ ചെറുതും വലുതുമായ നാലായിരത്തോളം പടക്കകമ്പനികളിലും ഉത്പാദനം നടക്കുന്നില്ല.
കണ്ണനെ കണികാണാൻ കോടിമുണ്ടില്ല
വിഷുക്കോടി ഉടുത്ത് കണ്ണനെ കണികാണാൻ ഇത്തവണ ആവില്ല. തുണിക്കടകൾ അടച്ചതിനാൽ പുത്തനുടപ്പില്ലാതെയാകും ഇത്തവണത്തെ കണികാണൽ.
മനോഹരമായ കൃഷ്ണ പ്രതിമകൾ നിർമിച്ച് വിൽപന നടത്തുന്ന രാജസ്ഥാൻ സ്വദേശികൾക്കും ഇതു കഷ്ടകാലം. ചായം പൂശി മനോഹരമാക്കി വച്ച പ്രതിമകൾ വാങ്ങാൻ ആളില്ല. വിഷുവിന് ഒരാഴ്ച മുമ്പ് എത്താറുള്ള ഇവരെയും കാണാനില്ല.
കണിവെള്ളരിക്കർഷകർക്ക് കണ്ണീർ
വിഷു വിപണി ലക്ഷ്യമിട്ടു ജില്ലയിലെ വിവിധയിടങ്ങളിൽ കണിവെള്ളരി കൃഷി ചെയ്ത കർഷകർ ഇത്തവണ വിളവെടുത്തതു കണ്ണീരാണ്. കണിവെള്ളരി കൃഷിക്കാർ ജനുവരിയിൽ കൃഷി ഇറക്കിയിരുന്നു. ലോക്ക് ഡൗണിൽ കച്ചവടം പൊളിയുമെന്ന ആശങ്കയിലാണ് അവർ. വിഷുവിന് ഒരാഴ്ച മുമ്പാണു സാധാരണ കണിവെള്ളരി വിളവെടുക്കാറുള്ളത്. എന്നാൽ ഇത്തവണ എന്തു ചെയ്യണമെന്നു പോലും അറിയാതെ സ്ഥിതിയിലാണ് കർഷകർ.