കൊച്ചി: അവിയൽ,സാമ്പാർ,തോരൻ തുടങ്ങി മൂന്നാല് കൂട്ടം കറികൾക്കുള്ള കിറ്റ്. എല്ലാം വിഷമില്ലാത്ത പച്ചക്കറികൾ. വില വെറും നൂറു രൂപ. ചമ്പക്കര മഹിള മന്ദിരത്തിന് സമീപം പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിലാണ് ലോക്ക് ഡൗൺ കാലത്തെ ആദായ വില്പന. കാർഷിക വികസന വകുപ്പിന്റെ കീഴിലുള്ള ഹരിത സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈ സേവന പ്രവർത്തനം.
പൂണിത്തുറയിലെയും പരിസരത്തെയും സൊസൈറ്റി അംഗങ്ങളുടെ കൃഷിസ്ഥലത്തെ ഉത്പന്നങ്ങൾ തികയാതെ വന്നപ്പോൾ കാർഷിക വകുപ്പിന്റെ സഹായത്തോടെ കരുമാലൂർ, മുളന്തുരുത്തി,തിരുവാണിയൂർ എന്നിവിടങ്ങളിൽ നിന്ന് കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങിയാണ് വിപണനം നടത്തുന്നത്. കാർഷികോത്പന്നങ്ങൾ ചീഞ്ഞു നശിക്കുമെന്ന ആധിയിൽ കഴിഞ്ഞിരുന്ന കർഷകർ ന്യായമായ വില കിട്ടുന്നതിനാൽ ഇപ്പോൾ സന്തുഷ്‌ടരാണ്.
റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പച്ചക്കറി വില്പന. അവർ നിർദേശിക്കുന്ന സ്‌ഥലത്ത് പ്രവർത്തകർ സാധനങ്ങൾ എത്തിക്കും. ഫ്ളാറ്റുകളിലും ഇതേ രീതി തുടരുന്നതിനാൽ സാധനങ്ങൾ വാങ്ങാനുള്ള യാത്രകൾ കുറഞ്ഞു. ഉച്ചയ്ക്ക് മുമ്പ് സാധനങ്ങൾ മുഴുവൻ വിറ്റഴിയും.
വെള്ളരി,കുമ്പളങ്ങ, പയർ,വെണ്ട,തക്കാളി,സവാള, പച്ചമുളക്, വേപ്പില, ഇഞ്ചി ഇന്നീ ഇനങ്ങളാണ് കിറ്റിലുള്ളത്. ഉള്ളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ നെട്ടൂർ മാർക്കറ്റിൽ നിന്നോ എറണാകുളം മാർക്കറ്റിൽ നിന്നോ വാങ്ങും. . ചീര, പടവലങ്ങ ,നേന്ത്രകായ, കപ്പ, പൈനാപ്പിൾ തുടങ്ങിയ ഉത്പന്നങ്ങളും ലഭ്യമാണ് . പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 50 ാം ഡിവിഷനിലെ എല്ലാ വീടുകളിലും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തുവെന്ന് കൗൺസിലർ വി.പി. ചന്ദ്രൻ പറഞ്ഞു.
ചമ്പക്കര,തൈക്കൂടം, പൂണിത്തുറ,മരട്,തൃപ്പൂണിത്തുറ ഭാഗങ്ങളിൽ ഹരിതയുടെ സേവനം ലഭ്യമാകും. ഫോൺ 9497202578