benny-vs-pinarayi

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടതുമുന്നണിയും സർക്കാരും നടത്തുന്ന രാഷ്ട്രീയവത്കരണം പുറത്തു വന്നപ്പോഴുള്ള ജാള്യത മറയ്ക്കുന്നതിനായാണ് പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനറും ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ സ്വീകരിച്ച എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കലവറയില്ലാത്ത പിന്തുണയാണ് യു.ഡി.എഫ് നൽകിയത്. രാഷ്ട്രീയം നോക്കാതെയുള്ള സഹകരണം സർക്കാരിന് എല്ലാ പ്രതിപക്ഷ പാർട്ടികളും നൽകിയിട്ടുണ്ട്. എന്നാൽ സർക്കാരിന് വന്ന വീഴ്ചകളും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളും ചൂണ്ടിക്കാട്ടുക എന്ന പ്രതിപക്ഷ ധർമ്മമാണ് യു.ഡി.എഫ് നേതാക്കൾ നിർവഹിച്ചത്.

പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളും വസ്തുതാപരവും കണക്കുകളുടെ അടിസ്ഥാനത്തിൽ ഉള്ളവയുമായിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയതും സർക്കാർ പ്രഖ്യാപിച്ച പാക്കേജിലെ അപാകതകൾ ശ്രദ്ധയിൽപെടുത്തിയതും സാലറി ചലഞ്ച് പോലെയുള്ള നടപടിയിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷ നേതാക്കൾ ചെയ്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായുള്ള ഫണ്ട് ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് ശുചീകരണത്തിനായി ഉപയോഗിച്ചതും അഴിമതിയാണ്. പ്രളയകാലത്ത് കിട്ടിയ ദുരിതാശ്വാസ ഫണ്ടിൽ നടന്ന കോടികളുടെ അഴിമതിയും പുറത്തു വന്നിരുന്നു. വസ്തുതകൾ പുറത്തു വന്നപ്പോൾ ഇടതു നേതാക്കൾ നടത്തുന്ന ആക്ഷേപങ്ങൾ, കൊവിഡിന്റെ മറ പിടിച്ചു നടക്കുന്ന തട്ടിപ്പുകളും രാഷ്ട്രീയവത്കരണവും മൂടി വയ്ക്കാനുള്ള ശ്രമം മാത്രമാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.