ആലുവ: നഗരസഭ നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിലേക്കും പൊലീസിനും നഗരസഭാ കൗൺസിലർമാർ ചിക്കൻ ബിരിയാണിയും ഓറഞ്ചും മിനറൽ വാട്ടറും നൽകി. ക്യാമ്പ് അംഗങ്ങളുടെ മുഖത്ത് നിനച്ചിരിക്കാതെ ഇഷ്ടഭക്ഷണം ലഭിച്ചതിന്റെ ആഹ്ളാദം.
സ്ഥിരംസമിതി അധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർ ശ്യാം പത്മനാഭൻ എന്നിവർ സുമനസുകളുടെ സഹായത്താലാണ് ബിരിയാണി തയ്യാറാക്കിയത്. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം ക്യാമ്പ് അംഗങ്ങൾക്ക് ബിരിയാണി വിതരണം ചെയ്തു. കൂട്ടത്തിൽ ഒരു ഓറഞ്ചും ഒരു കുപ്പി മിനറൽ വാട്ടറും നൽകിയതോടെ അന്യസംസ്ഥാന തൊഴിലാളികളും യാചകരും അനാഥരും അടങ്ങുന്ന അംഗങ്ങൾക്ക് സന്തോഷമായി. ക്യാമ്പ് അംഗങ്ങൾക്കും റോഡിൽ സേവനം ചെയ്യുന്ന പൊലീസിനും ഉൾപ്പടെ 300 പാക്കറ്റുകളാണ് വിതരണം ചെയ്തത്. ആലുവ ഇഫ്ത്താർ ഹോട്ടലാണ് ബിരിയാണി തയ്യാറാക്കി നൽകിയത്.
ഈസ്റ്റർ ദിനമായ ഞായറാഴ്ച നഗരസഭ എൻജിനീയറിംഗ് വിഭാഗം ചിക്കൻകറി സഹിതം ഉച്ചഭക്ഷണം നൽകുമെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ പറഞ്ഞു. കൗൺസിലർമാരായ എം.ടി. ജേക്കബ്, പി.സി. ആന്റണി, ഹെൽത്ത് ഇൻസ്‌പെക്ടർ മധുസുദനൻ പിള്ള, ജെ.എച്ച്.ഐമാരായ സീന, ശ്രീലിനി, അബ്ദുൾ സലാം എന്നിവരും പങ്കാളികളായി.