ആലുവ: മുടങ്ങുമെന്ന് കരുതിയ മരുന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് ചൂർണിക്കര പഞ്ചായത്ത് 15ാം വാർഡിൽ മുട്ടത്ത് താമസിക്കുന്ന യുവതി. പൊലീസ് റിലേയായി ഇന്നലെ പുലർച്ചെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ച മരുന്ന് രാവിലെ തന്നെ രോഗിയുടെ കൈകളിലെത്തി.
ഞരമ്പ് സംബന്ധമായ അസുഖത്തിന് യുവതി ഒരു വർഷത്തോളമായി കുറവിലങ്ങാട് പ്രവർത്തിക്കുന്ന മാർസ്ലീവ മെഡിസിറ്റി യിലെ ഹോമിയോ വിഭാഗം മേധാവി ഡോ. ജനാർദനൻ നായരുടെ ചികിത്സ ആയിരുന്നു. എല്ലാ മാസവും ഡോക്ടറെ സന്ദർശിച്ച് ഒരു മാസത്തേക്ക് മരുന്ന് വാങ്ങും. ഇന്നലെ വീണ്ടും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങേണ്ട ദിവസമായിരുന്നു. ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ അത്രയേറെ വേദന സഹിക്കേണ്ടി വരും. അതിനാൽ മരുന്നില്ലാത്ത സാഹചര്യം യുവതിക്കും കുടുംബത്തിനുംചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല.
ലോക്ക് ഡൗൺ കാരണം മരുന്ന് വാങ്ങാൻ പോകാൻ നിർവാഹമില്ലാത്തതിനെ തുടർന്ന് മുസ്ലീംലീഗ് ചൂർണിക്കര മണ്ഡലം പ്രസിഡന്റ് അഷ്കർ മുട്ടം മുഖേന വിഷയം അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എം.എൽ.എ പാലാ സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷുമായി ബന്ധപ്പെട്ടാണ് മരുന്ന് എത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്.
യുവതിയുടെ ഭർത്താവ് ഓൺലൈൻ വഴി മരുന്നിന്റെ പണം ആശുപത്രിയിലടച്ചു. പിന്നീട് കുറവിലങ്ങാട് പൊലീസ് കൂത്താട്ടുകുളം വരെ മരുന്ന് എത്തിച്ചു. അവിടെ നിന്ന് റൂറൽ ജില്ലാ പൊലീസിന്റെ ഹൈവേ പട്രോളിംഗ് സംഘം മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി ആലുവ സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാവിലെ അഷ്കർ മുട്ടം ആലുവ സ്റ്റേഷനിലെത്തി എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐ രാജീവ് എന്നിവരിൽ നിന്ന് മരുന്ന് വാങ്ങി യുവതിയുടെ വീട്ടിലെത്തിച്ചു.
മരുന്ന് എത്തിക്കാൻ സഹായിച്ച അൻവർ സാദത്ത് എം.എൽ.എക്കും പൊലീസിനും യുവതിയും ബന്ധുക്കളും പ്രത്യേകം നന്ദിപറഞ്ഞു.