കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഗാന്ധിയൻ കൂട്ടായ്മ മുന്നിട്ടിറങ്ങുന്നു. ഭക്ഷ്യആരോഗ്യ സ്വരാജിന്റെ ഭാഗമായി കേരളം തൊടിയിലേയ്ക്ക് എന്ന കാമ്പയിനാണ് തുടക്കമിടുന്നത്. ഭക്ഷണആരോഗ്യ കാര്യങ്ങളിൽ സ്വാശ്രയത്വം നേടിയെടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതത്തിന് മേലുള്ള നിയന്ത്രണം കൈവിട്ടു പോകാതിരിക്കാനുള്ള ഗാന്ധിയൻ സാമൂഹിക പ്രതിരോധം കൂടിയാണ് ഇത്. 104 കാരനായ പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെ 9ന് ഒരു തുളസിത്തൈ നട്ടുകൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മയിലെ അംഗങ്ങൾ അവരവരുടെ തൊടികളിൽ ഔഷധസസ്യവും ഫലവൃക്ഷവുംനട്ട് അതോടൊപ്പം ചേരും. എല്ലാവരും അവരവരുടെ വീടുകളിലെ തൊടികളിൽ അല്ലെങ്കിൽ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ ഒരു ഔഷധച്ചെടിയും ഏതെങ്കിലും ചില ഭക്ഷ്യവിളകളും നട്ടുകൊണ്ട് പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.