covid-19

കൊച്ചി: കൊവിഡ് 19 ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയും ഉൾപ്പെടെ ഏഴുപേർ രോഗം ദേഭമായതോടെ ആശുപത്രി വിട്ടു.

കൊവിഡ് -19 ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിച്ച കാർ ഡ്രൈവർ വല്ലാർപാടം സ്വദേശി ലതീഷ് (37),​ മാർച്ച് 20 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള കണ്ണൂർ സ്വദേശി, 22 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കണ്ണൂർ സ്വദേശി, 23 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള എറണാകുളം സ്വദേശി, 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21, 23 വയസുള്ള എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾ എന്നിവരാണ് ആശുപത്രി വിട്ടത്. തുടർച്ചയായ രണ്ട് സാമ്പിൾ ഫലങ്ങൾ നെഗറ്റീവായ ശേഷമാണ് ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യുന്നത്. ഇനി എറണാകുളം മെഡിക്കൽ കോളേജിൽ ഏഴുപേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ ആറ്‌ എറണാകുളം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഉൾപ്പെടുന്നു.