ചെന്നൈ: കൊവിഡ് വ്യാപനം തമിഴ്‌നാട്ടിൽ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 738 ആണ്. നിലവിൽ കഴിഞ്ഞ 21 ദിവസത്തിനിടയിൽ 344 ഫലങ്ങൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർഫ്യൂ നീട്ടാനാണ് സാദ്ധ്യത ഏറെ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ 101കോടി രൂപ അനുവദിച്ചു. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി 4 ലക്ഷം റാപ്പിഡ് കിറ്റുകൾ വാങ്ങി. പത്താം ക്ലാസിലെ പരീക്ഷ നടത്തണോ എന്ന് സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തിരഞ്ഞെടുപ്പാണ് പത്താം ക്ലാസ് പരീക്ഷ. എല്ലാ ജോലികൾക്കും ഈ തിരഞ്ഞെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് കൊറോണ ബാധിച്ചത് ആരെങ്കിലും മറച്ചുവച്ചാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ചെന്നൈയിലെ മൈലാപൂരിലെ ട്രാഫിക് പോലീസുകാരനായ അരുങ്കണ്ടി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചിരുന്നു. ഇയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും ഒരു കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.