കൊച്ചി: കാൽകഴുകൾ ശുശ്രൂഷയും ആരാധനാലയങ്ങളിലെ ഒത്തുചേരലുമില്ലാതെ ജില്ലയിലെ ക്രൈസ്തവസമൂഹം പെസഹാ ആചരിച്ചു. ആരാധനാലയങ്ങളിൽ പതിവ് ചടങ്ങുകൾ ലളിതമായി നടത്തിയെങ്കിലും വിശ്വാസികൾക്ക് പ്രവേശനം നൽകിയില്ല. കേബിൾ ടിവിയിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്തു.
കൊവിഡ് മൂലം ലോക്ക് ഡൗൺ നിബന്ധനങ്ങൾ കർശനമായി പാലിച്ചാണ് പെസഹ ചടങ്ങുകൾ സംഘടിച്ചത്. വൈദികരും സഹായികളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനകളോടെ ചടങ്ങുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീക്ഷിച്ചു.
എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ രാവിലെ പത്തിന് സഭാ ആസ്ഥനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിൽ കർദ്ദിനാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈസ്റ്റർ ദിനത്തിൽ സെന്റ് മേരീസ് ബസലിക്കയിലെ കർമ്മങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.
വരാപ്പുഴ അതിരൂപതയുടെ എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. ദു:ഖവെള്ളിയാഴ്ചായ ഇന്ന് വൈകിട്ട് നാലിന് പീഡന സഹനാചരണ കർമ്മങ്ങൾ, നാളെ രാത്രി പെസഹാ ജാഗരകർമ്മങ്ങൾ എന്നിവയ്ക്കും അദ്ദേഹം നേതൃത്വം നൽകും.
യാക്കോബായ സഭയുടെ ദേവാലയങ്ങളിലും പെസഹ ആചരിച്ചു. സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത തിരുവാങ്കുളം കൃംതാ ബിഷപ്പ് ഹൗസിലെ ചാപ്പലിൽ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു.
കുരിശുമരണത്തിന് മുമ്പ് ക്രിസ്തു ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് പെസഹ ആചരിക്കുന്നത്. ശിഷ്യർ യേശുവിന്റെ കാൽ കഴുകി ശുശ്രൂഷിച്ചതിന്റെ സ്‌മരണയിലാണ് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ. കൊവിഡ് പശ്ചാത്തലത്തിൽ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കാൻ മുഴുവൻ ക്രൈസ്തവസഭകളും തീരുമാനിച്ചിരുന്നു.