ആലുവ: കൊവിഡ് -19ന്റെ രണ്ടാംഘട്ടം പിന്നിടുമ്പോൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്‌സുമാരെ സുസജ്ജമാക്കുന്നതിന്റെ ഭാഗമായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ശില്പശാല സംഘടിപ്പിച്ചു. ഇന്റൻസീവ് കെയറിലും, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലുമായി പ്രവർത്തിക്കുന്ന നഴ്‌സിംഗ് വിഭാഗത്തിലുള്ളവരാണ് ശില്പശാലയിൽ പങ്കെടുത്തത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, രാജഗിരി ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
വെന്റിലേറ്ററുകളുടെ സഹായത്തോടെ രോഗികളെ ശുശ്രൂഷിക്കുന്ന വിധം, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് യന്ത്രസഹായത്തോടെ വിവിധ ഘട്ടങ്ങളിൽ ഓക്‌സിജൻ നൽകേണ്ടതിന്റെ ആവശ്യകത, രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ സ്വയം സുരക്ഷിതരാകുവാൻ അറിഞ്ഞിരിക്കേണ്ട പ്രവർത്തനങ്ങൾ, ആശുപത്രിയിൽ നിന്ന് രോഗവ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങൾ, ആശുപത്രി യന്ത്രങ്ങൾ, ഉപകരണങ്ങൾ, ഐ.സി.യു തുടങ്ങിയ മേഖലകൾ എങ്ങനെ അണുവിമുക്തമാക്കാം എന്നീ വിഷയങ്ങളാണ് ശില്പശാലയിൽ ചർച്ച ചെയ്തത്.
സ്വകാര്യ, സർക്കാർ സംയുക്താഭിമുഖ്യത്തിലുള്ള ഇത്തരം ശില്പശാലകൾ വരുംനാളുകളിൽ എല്ലാ ആശുപത്രികളിലും നടത്തുമെന്ന് ജില്ലാമെഡിക്കൽ ഓഫീസും രാജഗിരി ആശുപത്രി കോവിഡ്-19 നിയന്ത്രണവിഭാഗം മേധാവിയും അറിയിച്ചു.