വൈപ്പിൻ : വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ ഉയർന്ന വിലക്ക് സാധനങ്ങൾ വിൽക്കുന്നുവെന്ന പരാതിയെത്തുടർന്ന് എടവനക്കാട് അണിയൽ മേഖലയിലെ കടകമ്പോളങ്ങളിൽ റവന്യൂ അധികൃതരും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരും മിന്നൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന്, ഉള്ളി ഉൾപ്പെടെയുള്ളവയ്ക്ക് വില കൂട്ടി വിറ്റതിന് ഏഴ് കടകൾക്കെതിരെ നടപടിയെടുത്തു. ഒരു കട പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. അമിതവില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കൊച്ചി തഹസിൽദാർ തോമസ്, താലൂക്ക് സപ്ലൈ ഓഫീസർ എസ്. ശോഭ എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.

മാലിപ്പുറം, വളപ്പ് ജംഗ്ഷനിൽ അനധികൃതമായി റോഡിൽ പച്ചക്കറികളും മറ്റും നിരത്തി കച്ചവടം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പരിശോധന സംഘം ഇത്തരം സ്ഥലങ്ങളിൽ ആൾക്കൂട്ടം രൂപപ്പെടുന്നതായും കണ്ടതിനെത്തുടർന്ന് പൊലീസിന്റെ സഹായത്തോടെ കച്ചവടക്കാരെ വശങ്ങളിലേക്ക് മാറ്റി.