ഇന്നലെ സുഖപ്പെട്ടത് ഏഴ് പേർ
കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ ഏഴ് പേർ രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു. ആറ് പേർ മെഡിക്കൽ കോളേജിലും ഒരു ബ്രിട്ടീഷ് വനിത സ്വകാര്യ ആശുപത്രിയിലുമായിരുന്നു. മെഡിക്കൽ കോളേജിൽ ഏഴു കൊവിഡ് രോഗികൾ കൂടി ചികിത്സയിലുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിനെ വിമാനത്താവളത്തിൽ നിന്നും വീട്ടിലെത്തിച്ച ഓൺലൈൻ ടാക്‌സി ഡ്രൈവർ വല്ലാർപാടം സ്വദേശി ലതീഷ് (37) ഇന്നലെ വൈകിട്ട് നാലു മണിക്ക് എറണാകുളം മെഡിക്കൽ കാേളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. മാർച്ച് 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും മറ്റും സാമ്പിൾ ഫലങ്ങൾ നേരത്തെ തന്നെ നെഗറ്റീവായിരുന്നു. കടുത്ത പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ലതീഷിന് സി.ടി സ്‌കാനിൽ ന്യൂമോണിയയും കണ്ടെത്തി. ഹൈഡ്രോക്‌സി ക്ലോറോക്വിൻ, ആന്റി ബയോട്ടിക്ക് മരുന്നുകൾ, ആന്റി വൈറൽ മരുന്നുകൾ എന്നിവ ആദ്യമേ നൽകി. ആദ്യ ഘട്ടത്തിൽ പനിയും ന്യൂമോണിയയും കൂടിയെങ്കിലും ക്രമേണ രോഗലക്ഷണങ്ങൾ കുറഞ്ഞു. ആറാം ദിനത്തോടെ രോഗലക്ഷണങ്ങൾ വിട്ടു മാറി. വീണ്ടും സാമ്പിളുകൾ രണ്ടു വട്ടം കൂടി പരിശോധിച്ച് നെഗറ്റീവാണെന്ന് സ്ഥിരീകരണം വന്നതോടെയാണ് ഡിസ്ചാർജ് ചെയ്തത്.
ഡോ. ഫത്താഹുദിൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോൾ, ഡോ. ഗണേഷ് മോഹൻ (ആർ.എം.ഒ), ഡോ. ജോ ജോസഫ് എന്നിവരുൾപ്പെട്ട ചികിത്സാ സംഘത്തിന് .ഡോ. ഗീത നായർ, സാന്റി അഗസ്റ്റിൻ, നഴ്‌സിംഗ് സൂപ്രണ്ട് വത്സല, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പിന്തുണ നൽകി.
പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ ഡയറക്ടർ ഡോ. . പീറ്റർ വാഴയിൽ മറ്റു മെഡിക്കൽ ബോർഡ് അംഗങ്ങൾ എന്നിവരുടെ മാർഗ നിർദേശങ്ങൾക്കനുസരിച്ചായിരുന്നു ചികിത്സ.