വൈപ്പിൻ : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ വൈപ്പിൻ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് അയഞ്ഞുവെന്ന ആക്ഷേപത്തെത്തുടർന്ന് പരിശോധന വീണ്ടും കർശനമാക്കി. നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയവർക്കെതിരെ അമ്പതോളം കേസുകൾ ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങളെകൊണ്ട് ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിസരം നിറഞ്ഞുകവിഞ്ഞു.
ഇതിനിടെ ഇനിമുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാതെ കേസും പിഴയിലും മാത്രമാക്കാനുള്ള നിർദേശം വന്നത് പൊലീസിനും ആശ്വാസമായി. ലോക്ക്ഡൗൺ രണ്ടാഴ്ച പിന്നിട്ടപ്പോൾ പല അത്യാവശ്യങ്ങൾക്കുമായി നാട്ടുകാർ പുറത്തിറങ്ങുന്നത് ജനസാന്ദ്രത കൂടിയ വൈപ്പിനിൽ പലയിടത്തും ആൾക്കൂട്ടം സൃഷ്ടിച്ചതാണ് പൊലീസിന് തലവേദനയായത്.