fire
കിടപ്പുരോശികളായദമ്പതികളെ പീസ് മിഷൻ സെന്ററിൽഎത്തിക്കുന്നു.

അങ്കമാലി: ഏലൂരിൽ വാടകവീട്ടിൽ താമസക്കാരായിരുന്ന കാൻസർ രോഗിയായ ബാലകൃഷ്ണനും ഭാര്യയും വൃക്കരോഗിയുമായ ശ്രീദേവിക്കും ഫയർഫോഴ്സ് ജീവനക്കാരുടെ ഇടപെടൽ ആശ്വാസമായി. കൊവിഡ്-19 ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് മറ്റു രോഗികളെ മാറ്റിയപ്പോൾ ഒരിടവും ഇല്ലാതായ ഈ ദമ്പതികൾക്കാണ് ഫയർഫോഴ്സ് കൈത്താങ്ങായത്. ആശുപത്രിയിൽ നിന്ന് ഒഴിവാകേണ്ടി വന്നതിനെത്തുടർന്ന് വാടകവീട്ടിലേക്ക് ചെല്ലാൻ കഴിയാത്തതിനാൽ ഇവർ അങ്കമാലി അങ്ങാടിക്കടവിലെ ബന്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഇവരെക്കൂടി ഉൾക്കൊള്ളാവുന്ന സാമ്പത്തികശേഷിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാൽ മറ്റൊരു ഇടം തേടുകയായിരുന്നു.
അയൽവാസിയും സിവിൽ ഡിഫൻസ് അംഗവുമായ രതീഷ് രാജൻ അങ്കമാലി ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ തുരുത്തുശേരിയിലെ കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്ന പീസ് മിഷൻ സെന്റർ ഡയറക്ടർ ഫാ. സാബു പാറക്കലിനെ ബന്ധപ്പെട്ടു. തുടർന്ന് ഇരുവരേയും പീസ് മിഷൻ സെന്ററിലേക്ക് മാറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് സംഘം തങ്ങളുടെ ആംബുലൻസിൽ ഇവരെ പീസ് മിഷൻ സെന്ററിൽ എത്തിക്കുകയായിരുന്നു. സീനിയർ ഫയർ ഓഫീസറായ പി.വി. പൗലോസ്, സേനാംഗങ്ങളായ എം.വി. വിൽസൺ, പി.എ. സജാദ്, അനിൽ , മോഹൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ രതിഷ് രാജൻ, നിബിൻ എസ്. അനീസ് മുഹമ്മദ്, ബെൻജോ ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു അങ്കമാലി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പമോഹനൻ ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും നൽകി.