പള്ളുരുത്തി: കൊറോണ ഭീതിക്ക് പുറമെ ചെല്ലാനത്ത് കടൽകയറ്റവും. ഇന്നലെ ഉച്ചയോടെ കണ്ണമാലി, പുത്തൻതോട് ഭാഗങ്ങളിലാണ് കടൽകയറ്റം ശക്തമായത്. കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലൂടെ കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലോക്ക് ഡൗണായതിനെ തുടർന്ന് പലരും വീടുകളിൽ ഉണ്ടായതിനാൽ കടൽ തിരമാലയുടെ ഒച്ച കേട്ട് ഭയന്ന് പുറത്തേക്കിറങ്ങി. മാനാശേരി വഞ്ചി പോകുന്ന ഗ്യാപ്പിലൂടെയും കടൽ ഇരച്ച് റോഡിലേക്ക് കയറി. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ പല മത്സ്യതൊഴിലാളികളും വള്ളത്തിൽ പോകാത്ത സ്ഥിതിയാണ്. ഈ വള്ളങ്ങൾ പലതും കരക്ക് കയറ്റി വെച്ചിരിക്കുകയാണ്.ശക്തമായ തിരമാലയിൽ വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന ഭീതിയിലാണ് മത്സ്യതൊഴിലാളികൾ. ബസാർ, വേളാങ്കണ്ണി, ചെറിയ കടവ്, സൗദി - മാനാശേരി തുടങ്ങിയ സ്ഥലങ്ങളിലും കടൽഭിത്തി ഇല്ലാത്ത ഗ്യാപ്പിലൂടെ കടൽവെള്ളം വീടു കളിലേക്ക് ഇരച്ചു കയറും. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ പേടിച്ച് വിറങ്ങലിച്ച് നിൽക്കുന്ന തീരദേശ ജനതക്ക് കൂനുമ്മേൽ കുരുവായ സ്ഥിതിയാണ് ഇപ്പോഴത്തെ കടൽകയറ്റം. ജിയോ ട്യൂബും ബാഗും ഇതിന് ഒരു പരിഹാരം അല്ലെന്നും ദ്രോണാചാര്യ മോഡൽ കടൽഭിത്തി നിർമ്മാണമാണ് ഇതിനാരു ശാശ്വത പരിഹാരമെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിന് വേണ്ടി നാട്ടുകാർ സമിതി രൂപീകരിച്ച് നിരാഹാര സമരം നടത്തിയിരുന്നു. കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിലാണ് സമരം തൽക്കാലം നിർത്തിവെച്ചിരിക്കുന്നത്.