കൊച്ചി: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് 'കൊവിഡ് - 19 ചിത്രജാലകം' എന്നചിത്രരചനാ പെയിന്റിംഗ് മത്സരത്തിന് തുടക്കമായി. കൊച്ചി സിറ്റിയിലെ എല്ലാ വിദ്യാലയങ്ങളിലെയും എട്ടുമുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 'ഞാനും ലോക്ക് ഡൗണും' എന്ന വിഷയത്തിൽ എത്രീ, എ ഫോർ ഷീറ്റുകളിൽ വരയ്ക്കുന്ന ചിത്രങ്ങൾ 9746488983 എന്ന വാട്‌സാപ്പ് നമ്പറിൽ അയക്കണമെന്ന് ജില്ലാ നോഡൽ ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷ് അറിയിച്ചു. അവസാന തീയതി ഏപ്രിൽ 14 ആണ്.

ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ മികച്ച മുന്നൂറ് ചിത്രങ്ങൾക്ക് കിറ്റെക്‌സിന്റെ ഡിസൈനർ ബാഗുകൾ സമ്മാനമായി നൽകും. ചിത്രം വരയ്ക്കുന്നതിനുള്ള പെയിന്റും ബ്രഷും മറ്റ് വസ്തുക്കളും അർഹരായ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്ക് പൊലീസ് എത്തിച്ചുകൊടുക്കും.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലി തേവര സേക്രട്ട് ഹാർട്ട് സ്‌കൂളിലെ കേഡറ്റ് തോമസ് ശരത്തിന്റെ വീട്ടിലെത്തി വാട്ടർ കളറുകളും സ്‌കെച്ചുപേനകളും ക്രയോൺസും സമ്മാനിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.