കൊച്ചി: വിദേശ രാജ്യങ്ങളിൽ കൊവിഡ്-19 ബാധിച്ച് മരണം തുടർക്കഥയാകുമ്പോൾ കേരളം രക്ഷിച്ചത് അതീവ ഗുരുതരാവസ്ഥയിലുള്ള എട്ടു വിദേശികളുടെ ജീവനാണ്. ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യു.കെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്‌സൺ (63) എന്നിവരാണ് രോഗമുക്തരായി സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്. രോഗം കുറഞ്ഞതോടെ അവസാനത്തെ നാല് രോഗികളെ ദിവസങ്ങൾക്ക് മുമ്പ് അവരുടെ നിർദ്ദേശപ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സയാണ് കേരളത്തിൽ ലഭിച്ചതെന്ന് അവർ വ്യക്തമാക്കി. അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളേജുകളിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.

60 വയസിന് മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇത്രയേറെ വിദേശ പൗരൻമാരുടെ ജീവൻ മികച്ച ചികിത്സയിലൂടെ രക്ഷിച്ചെടുത്തത്. റോബർട്ടോ ടൊണോസോയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ.

മാർച്ച് 13ന് വർക്കലയിൽ നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബർട്ടോ ടൊണോസോയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രയാൻ നെയിലുൾപ്പെടെയുള്ള 19 അംഗ സംഘം മാർച്ച് 15ന് നെടുമ്പാശേരിയിൽ നിന്ന് വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചിരുന്നു. ബ്രയാൻ നെയിലിനെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലുമാക്കി. ബ്രയാൻ നെയിൽ ഉൾപ്പെടെ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു ബ്രയാൻ. മരണത്തെ മുഖാമുഖം കണ്ട ബ്രയിനെ എച്ച്.ഐ.വി മരുന്നുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് രക്ഷപ്പെടുത്തിയത്.

എറണാകുളം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ഡോ. ഗീതാ നായർ, ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ എന്നിവരുടെ ഏകോപനത്തോടെ കൊറോണ നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, റേഡിയോ ഡയഗ്‌നോസിസ് മേധാവി ഡോ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.