കൊച്ചി: വ്യാഴാഴ്ച പുലർച്ചെ 1.45 ന് ഒരു രോഗിയുമായി ആംബുലൻസ് എറണാകുളം ജനറൽ ആശുപത്രിയിലെത്തി. കലശലായ ശ്വാസതടസമുണ്ടായിരുന്നതിനാൽ അതിനുള്ള ചികിത്സ നൽകി. ഇതിനുശേഷമാണ് ഇയാൾ കാസർകോട് ഉപ്പള കെ.എൻ.എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് വ്യക്തമായത്. ഉടനെ ആശുപത്രി അധികൃതർ കൊവിഡ് സെല്ലുമായി ബന്ധപ്പെടുകയും രോഗിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ജനറൽ ആശുപത്രിയിൽ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് ഐസലേഷനിൽ പോകാൻ നിർദ്ദേശിച്ചു. കാസർകോടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കാണ് രോഗിയെ അയച്ചതെന്ന് പറയപ്പെടുന്നു. ഇയാൾക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ആംബുലൻസ് ഡ്രൈവർ തെറ്റിദ്ധരിച്ച് കൊച്ചിയിലെത്തിച്ചതാണെന്നാണ് സൂചന.