റോം: പേടിപ്പിക്കുന്ന കണക്കാണ് ഓരോ ദിവസവും ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത്. ഇതിൽ, ഒടുവിൽ പുറത്തുവന്ന കണക്ക് ആരെയും ഞെട്ടിക്കും. രാജ്യത്ത് കൊവിഡ് രോഗം പടർന്നുപിടിച്ച ഫെബ്രുവരി മുതൽ ഇതുവരെ 100 ഡോക്ടർമാർ മരണമടഞ്ഞിട്ടുണ്ടെന്നാണ് ഇറ്റാലിയൻ ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച ഡോക്ടർമാരും മരിച്ചവരിൽ ഉൾപ്പെടും. ഇറ്റലിയിൽ കൊറോണ വൈറസ് മൂലം ഇതുവരെ 17,669 പേരാണ് മരിച്ചത്. ഡോക്ടർമാരെ കൂടാതെ 30 നഴ്‌സുമാരും നിരവധി നഴ്‌സിംഗ് സഹായികളും വൈറസ് ബാധ മൂലം മരിച്ചതായി ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചവരിൽ 10 ശതമാനം പേർ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് റോമിലെ ഐ.എസ്.എസ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു.