ആലപ്പുഴ: ജില്ലയിൽ ആറ് താലൂക്കുകളിൽ നാലിടങ്ങളിൽ മാത്രമാണ് സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. മാവേലിക്കര (650), കാർത്തികപ്പള്ളി (32), ചെങ്ങന്നൂർ (121), ചേർത്തല (124) താലൂക്കുകളിലെ അന്ത്യയോജന അന്നയോജന വിഭാഗം കാർഡുടമകൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ആകെ 927 കിറ്റുകളാണ് ജില്ലയിൽ നൽകിയത്. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ വിതരണം നാളെ തുടങ്ങും. കിറ്റുകൾ യഥാസമയം റേഷൻ കടകളിൽ എത്തിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്.

സർക്കാർ പ്രഖ്യാപിച്ച 17 ഇനങ്ങളിൽ തുവരപ്പരിപ്പ്, റവ എന്നിവ ആവശ്യത്തിനു ലഭിക്കാത്തതും കിറ്റുകൾ വൈകാൻ ഇടയാക്കുന്നു. ഇവ നിറയ്ക്കാനുള്ള ജോലി സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിലെ ജീവനക്കാരെ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്. ഇന്ന് റേഷൻ കടകൾക്ക് അവധിയാണെങ്കിലും സിവിൽ സപ്ലൈസ് അധികൃതർ ബാക്കി കിറ്റുകൾ കടകളിൽ എത്തിക്കും.