മുംബയ്: കൊവിഡിന് എതിരെ പേരാടാനുള്ള ധന സമാഹരണത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരം സംഘടിപ്പിച്ചു കൂടെ? കഴിഞ്ഞ ദിവസം പാക് ഇതിഹാസം ഷുഐബ് അക്തർ ഉയർത്തിവിട്ട ചോദ്യം ക്രിക്കറ്റ് ലോകത്ത് വില ചർച്ചയ്ക്ക് തന്നെ വഴിവച്ചിരിക്കുകയാണ്. കപിൽ ദേവടക്കം രംഗത്തെത്തി ഈ ചോദ്യത്തെ തള്ളിക്കളഞ്ഞു. മുൻ ഇന്ത്യൻ താരം മദൻ ലാലാണ് അക്തറിന്റെ നിർദേശത്തെക്കുറിച്ച് ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പര സംഘടിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നാണ് മദൻ ലാൽ പറയുന്നത്. അക്തറല്ല, ഇന്ത്യ -പാക് പരമ്പരയെക്കുറിച്ച് തീരുമാനിക്കേണ്ടത്. എല്ലാം സർക്കാരിന്റെ കൈയിലാണ്. ഇരു സർക്കാരുകളും ചേർന്നാണ് ഇത്തരമൊരു ആശയം യാഥാർത്ഥ്യമാക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് തീരുമാനിക്കേണ്ടത്. അവർക്കു മാത്രമേ ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്നും മദൻലാൽ പ്രതികരിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടായാലും ഉടനൊന്നും അതു നടക്കുമെന്ന് തോന്നുന്നില്ല. കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല. ഇപ്പോൾ നമ്മൾ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾ കൂടി ഇതു തുടരും. കൊറോണ വൈറസ് പൂർണമായും നീങ്ങിയ ശേഷം പാകിസ്ഥാനെതിരെ പരമ്പര കളിക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും മദൻലാൽ പറയുന്നു.