മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ ! അങ്ങനെ ഒരു അപൂർവ കാഴ്ച കണ്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ്. 2011ൽ ലോകകപ്പ് ഉയർത്തി ദിവസം രാത്രിയായിരുന്നു സംഭവം. സച്ചിന്റെ സകല നിയന്ത്രണങ്ങളും വിട്ട് അന്നു മതിമറന്ന് തങ്ങൾക്കൊപ്പം നൃത്തം ചവിട്ടി. ആ കാഴ്ച ഇപ്പോഴും മായാതെ മനസിലുണ്ടെന്ന് ഭാജി പറയുന്നു. ഒരു സ്വകാര്യ സ്‌പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പ് വിജയമെന്നത് അന്ന് അവിശ്വസനീയമായാണ് അനുഭവപ്പെട്ടതെന്ന് ഭാജി പറയുന്നു. ലോകകപ്പുയർത്തുകയെന്നത് വളരെ സ്‌പെഷ്യലായ അനുഭവമായിരുന്നു. അന്ന് ആദ്യമായി എല്ലാവർക്കും മുന്നിൽ താൻ കരഞ്ഞെന്നും താരം പങ്കുവച്ചു.
21 വർഷം നീണ്ട കരിയറിൽ സച്ചിൻ കീഴടക്കാത്ത റെക്കാഡുകൾ വളരെ കുറവായിരുന്നു. എന്നാൽ ലോകകപ്പിന്റെ ഒരു വിടവ് 2011 വരെ അദ്ദേഹത്തിന്റെ കരിയറിനെ അപൂർണമാക്കിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ്, കൂടുതൽ മത്സരങ്ങൾ കളിച്ച താരം. ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ച്വറിയടിച്ച താരം, ലോകകപ്പിൽ കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരം എന്നിങ്ങനെ നേട്ടങ്ങളുടെ വലിയൊരു നിര തന്നെ സച്ചിന്റെ പേരിലുണ്ടായിരുന്നു. ഒടുവിൽ 2011 ഏപ്രിൽ രണ്ടിനു എം.എസ് ധോണിയുടെ നായകത്വത്തിൽ ഇന്ത്യക്കൊപ്പം ലോകകപ്പും ഉയർത്തി സച്ചിൻ കിരീടത്തിലേക്കു ആ പൊൻതൂവലും കൂട്ടിച്ചേർത്തു.