കൊച്ചി: കൊവിഡ് വ്യാപനം തടയാൻ നടപ്പാക്കിയ ലോക്ക്ഡൗണിനെ തുടർന്ന് ഇല്ലാതായ പൊതു ഇടങ്ങൾ തുറക്കണമെന്ന ആവശ്യവുമായി മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ. അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുമ്പായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യൻ പോൾ ഫേസ് ബുക്കിൽ കുറിച്ചു. അതേസമയം, പോസ്റ്റിൽ തന്നെ മറുപടിയുമായി എത്തിയിരിക്കയാണ് മകനും അഭിഭാഷകനുമായ റോൺ സെബാസ്റ്റ്യൻ. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്നും റോൺ പോസ്റ്റിൽ കമന്റ് ചെയ്തു.
''നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചിരുന്നു. ഇതിനാണ് റോണിന്റെ മറുപടി.
തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറു കണക്കിന് കിലോ മീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതയ്ക്ക് എന്ത് അസഹനീയതയാണ് ഉള്ളതെന്ന് റോൺ ചോദിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടതെന്നും റോൺ വിമർശിച്ചു.