കോലഞ്ചേരി: കൊവിഡ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹത്തിലെ എല്ലാ തരം കച്ചവട സ്ഥാപനങ്ങളും മറ്റും തീരാദുരിതത്തിലായ മട്ടാണ്.ചെറുകിട-വൻ കിട കച്ചവടക്കാർ ഇനി എന്ത് എന്ന ആശങ്കയിലാണ് നാളുകളെണ്ണി തീർക്കുന്നത്.പൊതുപരിപാടികൾ റദ്ദാക്കുകയും ഉത്സവങ്ങളും, പെരുന്നാളുകളും വെറും ചടങ്ങുകൾ മാത്രമാക്കുകയും ചെയ്തതോടെ തൊഴിലാളികളെ സംരക്ഷിക്കാൻ മറ്റു മാർഗമില്ലാത്ത അവസ്ഥയിലാണ് പലരും.ഹലോ..മൈക്ക് ടെസ്റ്റിംഗ്.. മൈക്ക് ടെസ്റ്റിംഗ്..കോലഞ്ചേരി ബി ആൻഡ് ബി.എസ് സൗണ്ട്‌സിൻ്റെ ഉടമസ്ഥനായ ബിജു മാത്യു മൈക്കുകളും സ്പീക്കറും ടെസ്റ്റ് ചെയ്യുകയാണ്. വിശ്രമത്തിലായ ഉപകരണങ്ങൾ പരിശോധിച്ച് പൊടിയും കേടുപാടുകളും മാറ്റുകയാണ് ഇവർ. സ്ഥിരം പണിക്കാർക്ക് പണിയില്ലാതായതോടെ താത്കാലികമായി ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് വയ്ക്കാനുള്ള ജോലി നൽകിയിരിക്കുകയാണ്. തൊഴിലാളികളെ സംരക്ഷിക്കാൻ മറ്റു മാർഗമില്ലാതായെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ ട്രഷറർ കൂടിയായ ബിജു മാത്യു പറയുന്നു.

#റബർവ്യാപാരം ചതിച്ചു

റബർവ്യാപാരം നിലച്ചതോടെ ചെറുകിട കർഷകരും കച്ചവടക്കാരും തൊഴിലാളികളും പട്ടിണിയിലായി. അത്യാവശ്യകാര്യത്തിന് വീട്ടിൽ സൂക്ഷിച്ചിരുന്ന റബർ ഷീ​റ്റ് കർഷകർക്ക് വിൽക്കാനാകുന്നില്ല. വരുമാനം ഇല്ലാതായതോടെ ടാപ്പിംഗ് നിർത്തിയത് തൊഴിലാളികൾക്കും തിരിച്ചടിയായി.ചെറുകിട വ്യാപാരികളിൽനിന്ന് ഷീ​റ്റെടുക്കുന്ന മൊത്തക്കച്ചവടക്കാർ തുക നൽകാത്തതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

#ഭാഗ്യമില്ലാതെ ഭാഗ്യക്കുറി
ഭാഗ്യക്കുറി വില്പന നിലച്ചതോടെ സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വില്പനക്കാർ നിത്യച്ചെലവിന് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്.വില്പനക്കാരിൽ ഒരാളുടെ ശരാശരി ദിവസവരുമാനം 700 രൂപ. ഇവരാണ് മൂന്നാഴ്ചയായി അഞ്ചു പൈസ വരുമാനമില്ലാതെ വിഷമിക്കുന്നത്.ഒന്നര ലക്ഷത്തോളം വില്പനക്കാരിൽ മുപ്പതിനായിരത്തോളം പേരും ഭിന്നശേഷിക്കാരും വിധവകളുമാണ്. കാഴ്ചയില്ലാത്തവർ രണ്ടായിരത്തിലധികമുണ്ട്.മാ​റ്റിവച്ച നറുക്കെടുപ്പുകൾ ഏപ്രിൽ 19ന് ശേഷം നടത്തുമെന്നായിരുന്നു അറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും നീളും.

#ഓട്ടം നിലച്ച് ഓട്ടോറിക്ഷ

ഓട്ടോറിക്ഷ തൊഴിലാളികളുടെ ഏക വരുമാനം നിലച്ചിട്ട് മൂന്നാഴ്ചയായി.ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ പൊതുജനം ഓട്ടോ യാത്ര കുറച്ചിരുന്നു. 1,300 രൂപയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ വർഷം ക്ഷേമനിധി ബോർഡിൽ അടയ്ക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ ക്ഷേമനിധി ബോർഡിൽ നിന്നു പണം കിട്ടണമെങ്കിൽ നൂലാമാലകളും ഏറെ. മിക്കവരും ലോണെടുത്താണ് ഓട്ടോ വാങ്ങിയിരിക്കുന്നത്. ലോണടവുകൾ മൊറോട്ടോറിയമുണ്ടെങ്കിലും മൂന്നു മാസം കഴിഞ്ഞ് അടച്ചു തുടങ്ങുമ്പോൾ വരുന്ന ഭീമമായ പലിശയും ഇവർക്ക് പേടി സ്വപ്നമാണ്.