കൊച്ചി: ലോക്ക് ഡൗണിൽ ബാറുകളും ബിവറേജസ് ഷാപ്പുകളും അടച്ചതോടെ വ്യാജ മദ്യത്തിന്റെ ഒഴുക്കും സംസ്ഥാനത്ത് കൂടി. ഇപ്പോൾ ഈസ്റ്റർ, വിഷു വിപണി ലക്ഷ്യമിട്ടാണ് വ്യാജമദ്യം ഒഴുകുന്നത്. എറണാകുളം കുന്നത്തേരിയിൽ വ്യാജമദ്യ വേട്ട നടന്നു. മദ്യക്കമ്പനികളുടെ വ്യാജ ലേബൽ പതിച്ച 50 ലേറെ കുപ്പികൾ പിടിച്ചെടുത്തു. സാനിറ്റൈസർ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള കുപ്പികളിലാക്കിയാണ് മദ്യം വിൽക്കാനായി എത്തിച്ചത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം കുപ്പിയിൽ മദ്യം കണ്ടെത്തിയത്.
ലോക്ക് ഡൗൺ ആയതിനാൽ വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ഒരു പ്രത്യേക ഷാഡോ സംഘത്തെ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപം നൽകിയിരുന്നു. ഇതേ തുടർന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം നീരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വ്യാജലേബലുകൾ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു.
സാനിറ്റെസെർ അടങ്ങിയ കുപ്പിയാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ മദ്യമാണെന്ന് മനസിലായി. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആൾ പാർപ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച് വച്ച നിലയിൽ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്.ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. വ്യാജമായി മദ്യം നിർമ്മിക്കുക, മദ്യത്തിന്റെ ലേബലുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റ കൃത്യമായതിനാൽ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്‌സൈസ് ഉന്നതർ അറിയിച്ചു. ഈസ്റ്റർ , വിഷു ലക്ഷ്യമിട്ട് ശേഖരിച്ച് വച്ചതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്.
അതേസമയം, വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും, ആലുവ പരിസരത്ത് വ്യാജമദ്യ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും, കുറ്റക്കാരായവരെ ഉടൻ പിടി കൂടുമെന്നും ഇൻസ്‌പെക്ടർ ടി.കെ. ഗോപി പറഞ്ഞു. പ്രിവന്റീവ് ഓഫീസർ, ഷാജി. എ.കെ. ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി.അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, വികാന്ദ് , നീതു എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്.