കോലഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് ഭർത്താവിനും മക്കൾക്കും മറ്റും പാചകം ചെയ്ത വീട്ടമ്മമാർ മടുത്ത ലക്ഷണമാണ്. ഇഷ്ടഭക്ഷണങ്ങളുണ്ടാക്കി നല്കി മടുത്തവർ.

വെറൈറ്റികൾ പരീക്ഷിച്ച് മടുത്തു തുടങ്ങി. പപ്പടത്തിനുള്ളിൽ ഇടിച്ച മുളകും, ചെറിയ ഉള്ളിയും ചേർത്തി മടക്കി റോളാക്കി പപ്പടം റോൾ വരെ ഉണ്ടാക്കി നല്കി. യു ട്യൂബ് പരീക്ഷണങ്ങൾ പൊടിപാെടിക്കുകയാണ്. കൈയ്യിലുള്ള നമ്പറൊക്കെ തീരാറായി.

നാട്ടിൻ പുറങ്ങളിൽ ചക്കയും, മാങ്ങയും ചേർന്ന പരീക്ഷണങ്ങൾ സജീവമാണ്. ചക്ക മുളോഷ്യം, ചക്ക ബജി, ചക്ക ചീഡ, ചക്ക ചമ്മന്തി, ചക്ക പപ്പടം, ചക്ക പഴം പൊരി, ചക്ക പഞ്ചമി, ഇടിച്ചക്ക സാമ്പാർ, ചക്ക പുട്ട്, ചക്കക്കുരു പായസം, ചകിണി തോരൻ, ചക്കപ്പഴം പാൽ ഹൽവ, റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട, ചക്ക മടൽ മസാല ഫ്രൈ, ചക്ക അച്ചാർ തുടങ്ങിയ ചക്ക വിഭവങ്ങൾക്ക് അന്തമില്ല.
പച്ച മാങ്ങയും പാലും ചേർത്തും, ചക്കക്കരുവും പാലും ചേർത്തും വരെ ജ്യൂസുകൾ പരീക്ഷിച്ചു. ആഞ്ഞിലിക്കുരുവും,പുളിങ്കുരുവും വറുത്തു, വിവിധ വെറൈറ്റി അച്ചാറുകളും കൊണ്ടാട്ടങ്ങളും സൃഷ്ടിച്ചു.


പ്രാതലുണ്ടാക്കി പാത്രങ്ങളും കഴുകി ഉൗണും കറികളും

റെഡിയാക്കി ഒന്നു നടു നിവർത്തുമ്പോഴേയ്ക്കും, വൈകിട്ട് ചായയ്ക്കുള്ള സാധനങ്ങളുണ്ടാക്കണം. ഇതു കഴിയുമ്പോഴേയ്ക്കും അത്താഴത്തിനുള്ളതും. ചുരുക്കി പറഞ്ഞാൽ ലോക്ക് ഡൗണിൽ പാവം വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്നിറങ്ങാൻ നേരമില്ല. പലർക്കും തോന്നിത്തുടങ്ങി, ഇതിലും ഭേദം കൊവിഡു തന്നെ.