കൊച്ചി: "റേഷൻ അരി കിട്ടി, വിവിധ സംഘടനകളുടെ വകയായി മൂന്നു കിറ്റുകളും. അതുകൊണ്ട് ഈ മാസം പട്ടിണിയില്ലാതെ കഴിയാം. കുട്ടികൾക്ക് പാലും ബിസ്ക്കറ്റും വേണം. പേരക്കുട്ടികളിൽ ഒരാളുടെ ചികിത്സാ ചിലവ് നോക്കണം. ഇത്തിരി സ്വർണമുള്ളത് പണയം വച്ച് അത്യാവശ്യ കാര്യങ്ങൾ നടത്തി. ഇനി എങ്ങനെ മുന്നോട്ടു നീങ്ങുമെന്ന് അറിയില്ല " 40 വർഷമായി എറണാകുളം ബ്രോഡ്‌വേയിൽ വഴിയോര കച്ചവടം നടത്തുന്ന അബ്ബാസ് പറഞ്ഞു.

ഇതിനേക്കാൾ ഭീകരമാണ് മറ്റുള്ളവരുടെ അവസ്ഥ. വീട്ടു വാടക, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വട്ടിപ്പലിശയ്ക്കെടുത്ത പണത്തിന്റെ തിരിച്ചടവ് എന്നിങ്ങനെ ഓരോന്ന് ആലോചിച്ചു തുടങ്ങിയാൽ സമനില തെറ്റുമെന്ന് ഇവർ പറയുന്നു.

എല്ലാ വിഭാഗക്കാർക്കും സാമ്പത്തിക സഹായം അനുവദിച്ച മുഖ്യമന്ത്രി തങ്ങളെ മാത്രം അവഗണിച്ചതിൽ വേദനയുണ്ട്.

# അന്യസംസ്ഥാനക്കാരും ഗതികേടിൽ

ജില്ലയിൽ മൂവായിരത്തോളം വഴിയോര കച്ചവടക്കാരുണ്ട്. പലരും വാടക വീടുകളിലാണ് താമസം. കാർഡില്ലാത്തതിനാൽ സൗജന്യ റേഷൻ ലഭിക്കാതെ പോയവരുണ്ട്. കുടുംബശ്രീയിൽ അംഗത്വമുള്ളത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പല വട്ടം ഇ മെയിൽ അയച്ചുവെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്ന് കേരള സംസ്ഥാന ചെറുകിട വ്യാപാര സംഘടന

സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.ബി.മിനി പറഞ്ഞു.

# പുനരധിവാസം കടലാസിൽ

വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിക്ക് 2014 ൽ പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം

നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പാക്കാൻ കോടികൾ നീക്കി വച്ചു. എന്നാൽ കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കാൻ പോലും തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

# സർക്കാർ ഇടപെടലുണ്ടാകണം

ലോക്ക് ഡൗൺ തുടങ്ങിയതോടെ വഴിയോര കച്ചവടക്കാരും കുടുംബവും പട്ടിണിയിലാണ്. ക്ഷേമനിധി ബോർഡുകളിൽ അംഗത്വമില്ലാത്തവർക്ക് തദ്ദേശ സ്‌ഥാപനങ്ങൾ വഴി സഹായമെത്തിക്കണമെന്നാണ് സർക്കാർ പറഞ്ഞത്.എന്നാൽ ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടില്ല.

എ.ബി.സാബു

കൗൺസിലർ, വഴിയോര വ്യാപാര തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്