markaz


ന്യൂഡൽഹി: കൊവിഡ് രോഗത്തെ തുരത്താൻ കഠിനശ്രമത്തിലാണ് രാജ്യം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചും കർശന നിർദ്ദേശങ്ങൾ നൽകിയുമൊക്കെയാണ് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ, മുന്നറിയിപ്പ് അവഗണിക്കുന്നവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്‌പോട്ടായ നിസാമുദ്ദീൻ മർക്കസ് സന്ദർശിച്ചത് വെളിപ്പെടുത്താതിരുന്നതിന് പൊലീസ് കേസെടുത്ത കോൺഗ്രസ് നേതാവിന് ഒടുവിൽ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്

കോൺഗ്രസ് നേതാവിന്റെ ഭാര്യയിപ്പോൾ പ്രദേശത്തെ കൗൺസിലറാണ്. ഇയാളുടെ അശ്രദ്ധമൂലം ഇവരുടെ ഗ്രാമമായ തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ ദീൻപൂർ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ഇവിടത്തെ താമസക്കാർക്ക് പുറത്തുപോകാനാവത്ത സ്ഥിതിയിലാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും അംബേദ്കർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. നേരത്തെ നിസാമുദ്ദീൻ കൊവിഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതോടെ ഇവിടം സന്ദർശിച്ചവരോട് വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് ഇക്കാര്യം മറച്ചുവച്ചു.

പിന്നീട് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. നേരത്തെ അന്വേഷണത്തിനിടെ പൊലീസ് മർക്കസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് വിശദമായ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലിനും ശേഷമാണ് മർക്കസ് സന്ദർശിച്ചെന്ന് സമ്മതിച്ചത്.