excise
ആലുവയിൽ എക്സൈസ് സംഘം പിടിച്ചെടുത്ത വ്യാജ വിദേശമദ്യം

ആലുവ: കുന്നത്തേരിയിൽ വ്യാജലേബൽ പതിച്ച 50 കുപ്പി വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് വ്യാജമദ്യ ശേഖരം കണ്ടെത്തിയത്. ആരെയും പിടികൂടിയിട്ടില്ല.

കഴിഞ്ഞദിവസം വ്യാജലേബൽ പതിച്ച വിദേശമദ്യക്കുപ്പി കുന്നത്തേരിയിൽ നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോസംഘം കണ്ടെത്തിയിരുന്നു. സാനിറ്റെസർ കുപ്പിയാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ മദ്യമാണെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് വ്യാജമദ്യശേഖരം കണ്ടെത്തിയത്. കണ്ടെത്തിയ മദ്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലർന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

വ്യാജമായി മദ്യം നിർമ്മിക്കുക, മദ്യത്തിന്റെ ലേബലുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നിവ ഗുരുതരമായ കുറ്റമാണ്. ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യ ഉത്പാദനവും വിതരണവും തടയുന്നതിനായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക ഷാഡോസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോസംഘമാണ് വ്യാജമദ്യം കണ്ടെത്തിയത്.

ഈസ്റ്റർ, വിഷുക്കച്ചവടം പ്രതീക്ഷിച്ച് നിർമ്മിച്ച വ്യാജമദ്യമാകാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറഞ്ഞു. അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കി. പ്രിവന്റീവ് ഓഫീസർ എ.കെ. ഷാജി, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, വികാന്ദ്, നീതു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.