vigitabil
നടുക്കര ഹൈടെക് പച്ചക്കറി തൈ ഉത്പ്പാദന കേന്ദ്രം മന്ത്രി വി.എസ്.സുനിൽകുമാർസന്ദർശിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുകൂലമായ നാടൻ പച്ചക്കറി തൈകളുടെ ഉത്പ്പാദനത്തിന് മുൻഗണന നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രത്തിൽ നാടൻ പച്ചക്കറി തൈയുടെ ഉൽപ്പാദനം തിങ്കളാഴ്ച മുതൽ ആരംഭിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. നാടൻ പച്ചക്കറി ഇനങ്ങളായ കോടാലി മുളക്, ആനക്കൊമ്പൻ വെണ്ട, വേങ്ങരി വഴുതന, ആലങ്ങാട് ചീര, കേളു പയർ, കക്കാട് പാവൽ, തിരുവാണിയൂർ പടവലം എന്നിവയുടെ തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്. സർക്കാരിന്റെ ഫലവർഗ തൈകളുടെ ഉൽപ്പാദനവും ആരംഭിച്ചിട്ടുണ്ട്. വാളംപുളി, കുടംപുളി, ചാമ്പ, പേര, പപ്പായ, മുരിങ്ങ തുടങ്ങിയവയുടെ 15ലക്ഷം തൈകളാണ് നഴ്‌സറിയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇവയുടെ വിതരണം ലോക്ക് ഡൗണിന് ശേഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 50ലക്ഷം തൈകളാണ് നടുക്കര ഹൈടെക് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്ത് വിതരണം നടത്തിയത്. ഒരു കോടി രൂപയോളം ലാഭം കേന്ദ്രത്തിന് ഉണ്ടായി. എൽദോ എബ്രഹാം എം.എൽ.എ, വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസിംഗ് കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം. ഹാരിസ്, നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം മാനേജർ ബിമൽറോയി എന്നിവർ പങ്കെടുത്തു.